കാലടി: ശങ്കര പുരസ്‌കാരം ഗ്രാൻഡ് മാസ്റ്റർ രമേഷ് ബാബു പ്രഗ്നാനന്ദയ്ക്ക് ഇന്ന് സമ്മാനിക്കും. രാവിലെ 10.30ന് കാലടി ശ്രീശാരദാ വിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് പുരസ്‌കാരം സമ്മാനിക്കും. പതിനാറുകാരനായ പ്രഗ്നാനന്ദ അന്താരാഷ്ട്ര ചെസ് ചാമ്പ്യനാണ്. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കാലടി ആദിശങ്കര ട്രസ്റ്റും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ടെക്‌നോളജിയും ശ്രീശാരദാ വിദ്യാലയവും സംയുക്തമായാണ് അവാർഡ് നൽകുന്നത്. 2018ലെ പ്രളയകാലത്ത് കേരളത്തിന് പതിനായിരം രൂപ ധനസഹായം നൽകിയ പ്രഗ്നാനന്ദയ്ക്കും സഹോദരി ഇന്റർനാഷണൽ മാസ്റ്റർ വൈശാലിക്കും ശ്രീശാരദാ വിദ്യാലത്തിന്റെ പ്രത്യേക ഉപഹാരവും സമ്മാനിക്കും. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പ്രഗ്നാനന്ദയ്ക്കും സഹോദരിക്കും കേരളം നൽകുന്ന നന്ദിപ്രകാശനമാണിതെന്ന് ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി.പി. ജയശങ്കർ പറഞ്ഞു.