
ആലുവ: മിൽമ എറണാകുളം റീജിയണിന്റെ കീഴിലുള്ള മിൽമയുടെ ചാലക്കുടി ചില്ലിംഗ് പ്ളാന്റ് പൂട്ടില്ലെന്നും മരച്ചീനി - ചക്കക്കുരു എന്നിവ ഉപയോഗിച്ചുള്ള കാലിത്തീറ്റ നിർമ്മാണം രണ്ട് മാസത്തിനകം ആരംഭിക്കുമെന്നും മിൽമ ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ കൂടുതൽ ബി.എം.സി (ബൾക്ക് മിൽക്ക് കൂളർ) യൂണിറ്റുകൾ തുടങ്ങിയതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം മുതൽ ചാലക്കുടിയിലെ ചില്ലിംഗ് പ്ളാന്റിന്റെ പ്രവർത്തനം നിലച്ചത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയൻ പ്രതിനിധികളുമായുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഓഫീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തുടർന്നുമുണ്ടാകും. കാലിത്തീറ്റ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായി. ഇതോടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും ജോൺ തെരുവത്ത് അറിയിച്ചു.