കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകനായിരുന്ന ദീപുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ സെഷൻസ് കോടതി തീർപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ജാമ്യാപേക്ഷകൾ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ദീപുവിന്റെ പിതാവു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മേരി ജോസഫിന്റെ ഉത്തരവ്.

ജഡ്‌ജിക്കെതിരെ ആരോപണങ്ങളുണ്ടാകാനുള്ള സാദ്ധ്യത ഒഴിവാക്കാനും ഹർജിക്കാരന്റെ ആശങ്കയകറ്റാനുമാണ് കോടതി മാറ്റം അനുവദിക്കുന്നതെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.

കുന്നത്തുനാട് എം.എൽ.എയ്‌ക്കെതിരെ കിഴക്കമ്പലത്തു നടത്തിയ വിളക്കണയ്ക്കൽ സമരത്തെത്തുടർന്ന് ഫെബ്രുവരി 12നാണ് ദീപു ആക്രമിക്കപ്പെട്ടത്. ചികിത്സയിൽ കഴിയവേ ഫെബ്രുവരി 18ന് മരിച്ചു. അറസ്റ്റിലായ സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ, സി.പി.എം പ്രവർത്തകരും ചേലക്കുളം സ്വദേശികളുമായ സൈനുദ്ദീൻ, ബഷീർ, അസീസ് എന്നിവർ പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി.

പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യ ഹർജികളിൽ തനിക്ക് നോട്ടീസ് നൽകിയില്ലെന്നും കേസിന്റെ വിവരങ്ങൾ ലഭ്യമാക്കിയില്ലെന്നും ആരോപിച്ചാണ് ദീപുവിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയുടെ പിതാവ് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയും പാർട്ടിയിൽ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയുമാണ്. അതിനാൽ സി.പി.എം പ്രവർത്തകർ പ്രതിയായ കേസിൽ തനിക്കു നീതി ലഭിക്കില്ലെന്ന് ആശങ്കയുണ്ടെന്നും ജാമ്യഹർജികൾ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.