കളമശേരി: സർവ്വകലാശാല അദ്ധ്യാപകർക്കും ജീവനക്കാർക്കും പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതിന് സർവ്വകലാശാലകൾ പെൻഷൻ ഫണ്ട് രൂപീകരിക്കണമെന്ന ഉത്തരവ് സർക്കാർ പുനപരിശോധിക്കും. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാലും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും സർവ്വകലാശാലാ ജീവനക്കാർ അദ്ധ്യാപകർ, പെൻഷൻകാർ എന്നിവരുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പെൻഷൻ നിലവിലുള്ള രീതിയിൽ തുടരുമെന്നും പെൻഷൻ ഫണ്ട് സംബന്ധിച്ച സർക്കാർ ഉത്തരവ് പുനപരിശോധിക്കുമെന്നും മന്ത്രിമാർ ഉറപ്പു നൽകി. ചർച്ചയിൽ വിവിധ സംഘടനാ നേതാക്കളായ ഡോ. എ. പസ്ലത്തിൽ, ഡോ. എസ്. നസീബ്, ഡോ. ജി. ബിജുകുമാർ, ഡോ. കെ. ഷറഫുദ്ദീൻ ഡോ.എ. ആർ. രാജൻ, പ്രൊഫ. എസ്. രാജശേഖരൻ എന്നിവർ പങ്കെടുത്തു.