പറവൂർ: പ്രളയസമയത്തെ രക്ഷാപ്രവർത്തനം സംബന്ധിച്ചു പുത്തൻവേലിക്കര പഞ്ചായത്തിൽ കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ മോക് ഡ്രിൽ നടന്നു. ജില്ലാ കേന്ദ്രങ്ങളിലെ ആശയവിനിമയ സംവിധാനം, പ്രതികരണ സംവിധാനങ്ങൾ, ദുരന്തനിവാരണ വകുപ്പുകളുടെ ഏകോപനം എന്നിവയുടെ കൃത്യത ഉറപ്പുവരുത്തി വെള്ളം പൊങ്ങുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്താൽ എന്തെല്ലാം ചെയ്യണമെന്നതാണ് നടപ്പാക്കിയത്. സ്റ്റേഷൻകടവ് ഭാഗത്താണ് മോക്ഡ്രിൽ നടന്നത്. ഈ ഭാഗത്തെ അമ്പതോളം പേരെ വിവിധ വാഹനങ്ങളിലായി പി.എസ്.എം ഗവ.എൽ.പി സ്കൂളിൽ എത്തിച്ചു. റവന്യൂ, ഗ്രാമപഞ്ചായത്ത്, ഫയർഫോഴ്സ്, പൊലീസ്, ആരോഗ്യം, ഗതാഗതം, കെ.എസ്.ഇ.ബി, ജലസേചനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഐ.എ.ജി, സിവിൽ ഡിഫൻസ് വാളന്റിയർമാരും പങ്കാളികളായി.