മൂവാറ്റുപുഴ: കല്ലൂർക്കാട്, നാഗപ്പുഴ പൈമറ്റം റോഡിൽ പരുത്തിപ്പാറയ്ക്ക് സമീപം കലുങ്ക് നിർമാണത്തിനായി റോഡ് വെട്ടിപ്പൊളിച്ചതിനെത്തുടർന്ന് ഗതാഗതതടസം രൂക്ഷം. റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് പുതിയ കലുങ്ക് നിർമ്മിച്ചിരിക്കുന്നത്. റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ഒരു മാസത്തോളമായി പ്രദേശവാസികൾ യാത്രാക്ലേശം അനുഭവിക്കുകയാണെന്ന പരാതിയെത്തുടർന്നാണ് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ സ്ഥലം സന്ദർശിച്ചത്. ഉടൻ റോഡുപണി പൂർത്തിയാക്കണമെന്ന് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര, വാർഡ് മെമ്പർ ജാൻസി ജോമി എന്നിവർ ഒപ്പമുണ്ടായിരുന്നു.