11

തൃക്കാക്കര: കാക്കനാട്, തുതിയൂർ നിവാസികളുടെ തുതിയൂർ - എരൂർ പാലമെന്ന പതിറ്റാണ്ടുകളായുളള കാത്തിരിപ്പിന് വിരാമമാവുകയാണ്. തുതിയൂർ - എരൂർ പാലം നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഏഴു കോടി ബഡ്ജറ്റിൽ വകയിരുത്തി. പാലം പണി പൂർത്തിയാവുന്നതോടെ തുതിയൂർ പ്രദേശത്തുള്ളവർക്ക് തൃപ്പൂണിത്തുറ, എരൂർ ഭാഗങ്ങളിലേക്ക് അതിവേഗം എത്താൻ കഴിയും. പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ കൊച്ചി പ്രത്യേക സാമ്പത്തിക മേഖല, ഇൻഫോപാർക്ക്,കളക്ടറേറ്റ് എന്നിവിടങ്ങളിലേക്കുളള യാത്ര സുഗമമാകും.
1957 ലെ ആദ്യ സർക്കാർ തുടങ്ങിവച്ച പാലം പണി തുടർ സർക്കാരുകളുടെ കാലത്ത് സാദ്ധ്യമായിരുന്നില്ല. പാലം റീഡിസൈൻ ചെയ്ത് പ്രൊജക്റ്റ് എസ്റ്റിമേറ്റ് പാസാക്കി 30 കോടി രൂപ രൂപ പദ്ധതിക്കായി നിശ്ചയിച്ചു. ആദ്യഗഡുവായി അഞ്ചു കോടി 75 ലക്ഷം രൂപ രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ പിന്നീട് തുടർനടപടികൾ നടന്നില്ല. പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു.സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ,തൃക്കാക്കര ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ച് നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.