
കൊച്ചി: ഇന്നു നടത്താനിരുന്ന ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ എറണാകുളം ജില്ലാ മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് വിലയിരുത്തി ഹൈക്കോടതി തടഞ്ഞു. നിലവിലെ ജില്ലാ കമ്മിറ്റി ഫെബ്രുവരി ഏഴിന് യോഗം ചേർന്ന് റിട്ടേണിംഗ് ഓഫീസറെ നിയോഗിച്ചതിനെയും മാർച്ച് 17നു തിരഞ്ഞെടുപ്പു നടത്താൻ നിശ്ചയിച്ചതിനെയും ചോദ്യം ചെയ്ത് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന ബ്രാഞ്ചും സൊസൈറ്റിയിലെ ആജീവനാന്ത അംഗമായ എം.ബി. രഞ്ജിഷും ഉൾപ്പെടെ നൽകിയ ഹർജികളിൽ ജസ്റ്റിസ് എൻ. നഗരേഷാണ് വിധി പറഞ്ഞത്.
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ നിയമാവലി അനുസരിച്ച് ജില്ലാ മാനേജിംഗ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പു നടത്താൻ നിലവിലെ കമ്മിറ്റി കാലാവധി കഴിയുന്നതിന് 30 ദിവസം മുമ്പ് പ്രമേയം പാസാക്കി സംസ്ഥാന ഘടകത്തിന് നൽകണം. സംസ്ഥാന ഘടകം റിട്ടേണിംഗ് ഓഫീസറെ നിയോഗിക്കണം. റിട്ടേണിംഗ് ഓഫീസറാണ് തിരഞ്ഞെടുപ്പു നടപടികൾ സ്വീകരിക്കേണ്ടത്. ആ നിലയ്ക്ക് ജില്ലാ മാനേജിംഗ് കമ്മിറ്റി റിട്ടേണിംഗ് ഓഫീസറെ നിയോഗിച്ചത് നിയമപരമല്ല. ജില്ലാ മാനേജിംഗ് കമ്മിറ്റി ഫെബ്രുവരി ഏഴിന് യോഗം ചേർന്നു പാസാക്കിയ പ്രമേയം ഉചിതമായ തീയതിയിൽ തിരഞ്ഞെടുപ്പു നടത്താനുള്ള പ്രമേയമായി വിലയിരുത്തി സംസ്ഥാന ഘടകം റിട്ടേണിംഗ് ഓഫീസറെ നിയമിക്കണം. തുടർന്ന് മൂന്നു മാസത്തിനകം തിരഞ്ഞെടുപ്പു നടത്തണം.