കൊച്ചി: കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തനത്, പ്ലാൻ ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കുന്നതിന് സർക്കാർ അനുമതി നൽകി. 31 വരെ ഗ്രാമപഞ്ചായത്തുകൾക്ക് 5.50 ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് 11 ലക്ഷം രൂപയും കോർപ്പറേഷനുകൾക്ക് 16.50 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിനായി ചെലവിടാം. ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെയുള്ള കാലയളവിൽ ഗ്രാമപഞ്ചായത്തുകൾക്ക് 11 ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് 16.50 ലക്ഷം രൂപയും കോർപ്പറേഷനുകൾക്ക് 22 ലക്ഷം രൂപയും ചെലവിടാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളിലാണ് കുടിവെള്ള വിതരണം നടത്തേണ്ടത്. നിലവിൽ ദുരന്ത നിവാരണ വകുപ്പ് മുഖേന സ്ഥാപിച്ചിട്ടുള്ള വാട്ടർ കിയോസ്‌കുകൾ വഴിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ ഫണ്ടുപയോഗിച്ച് ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്താവുന്നതാണ്. സുതാര്യവും കാര്യക്ഷമവുമായി പരാതികൾക്കിടയില്ലാതെ കുടിവെള്ള വിതരണം നടക്കുന്നുണ്ടെന്ന് തദ്ദേശ വകുപ്പിന്റെ ജില്ലാതല മേധാവികൾ ഉറപ്പുവരുത്തി ഓരോ രണ്ടാഴ്ചയിലും ഇക്കാര്യം സംബന്ധിച്ച് ജില്ലാ കളക്ടർമാർക്ക് റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.