കുറുപ്പംപടി : രായമംഗലം ഗ്രാമ പഞ്ചായത്ത് 2022 - 23 വർഷത്തേക്ക് 348055807 രൂപ വരവും 343925000 രൂപ ചെലവും 41 30807 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ദീപ ജോയ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
രായമംഗലം ഗ്രാമപഞ്ചായത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് വിവിധങ്ങളായ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കാണ് ബഡ്ജറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. കാർഷിക മേഖലയുടെയും മൃഗസംരക്ഷണമേഖലയുടെയും സമഗ്ര വികസനത്തിനും സ്വയംപര്യാപ്തതയ്ക്കുമായി 85 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തി. ആരോഗ്യ രംഗത്തെ പുരോഗതിക്കായി കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപയും ആരോഗ്യ,വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ, ദരിദ്രലഘുകരണം തുടങ്ങിയവ ഉൾപ്പെടുന്ന സേവന മേഖലയ്ക്ക് 84076000 രൂപയും മാലിന്യ സംസ്കരണത്തിന് 27ലക്ഷം രൂപയും സുരക്ഷിത പാർപ്പിടം എന്ന ലക്ഷ്യത്തോടെ പാർപ്പിട മേഖലയ്ക്കായി 1.10 കോടി രൂപയും ജല ജീവൻ മിഷൻ പദ്ധതിക്കും കുടിവെള്ള പൈപ്പ് ലൈനുകളുടെ ദീർഘിപ്പിക്കലിനും അറ്റകുറ്റപ്പണികൾക്കും കിണറുകളുടെയും പൊതുകിണറുകളുടെയും അറ്റകുറ്റപ്പണികൾക്കും പുതിയ കിണർ നിർമ്മാണത്തിനും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി 39 ലക്ഷം രൂപയും പ്രവാസികളുടെ പുനരുദ്ധാരണത്തിനായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപയും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് 23 ലക്ഷം രൂപയും എല്ലാ വാർഡുകളിലും സ്ട്രീറ്റ്മെയിൻ വലിക്കുന്നതിന് 20 ലക്ഷം രൂപയും പശ്ചാത്തല മേഖലയുടെ സമഗ്ര വികസനത്തിനായി 64745000 രുപയും കുറുപ്പംപടി ബസ്റ്റാൻഡ്,ഷോപ്പിംഗ് കോംപ്ലക്സ് , മാർക്കറ്റ് തുടങ്ങിയവയുടെ നവീകരണങ്ങൾക്കും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, കുവപ്പടി ബ്ലോക്ക് പ്രസിഡന്റ് ബേസിൽപോൾ,ബ്ലോക്ക് അംഗങ്ങളായ ബീന ഗോപിനാഥൻ, അംബിക മുരളീധരൻ , അംഗങ്ങളായ കെ.കെ.മാത്തുകുഞ്ഞ്, ജോയി പൂണേലി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജി പ്രകാശ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിതാഅനിൽകുമാർ , സെക്രട്ടറി സുധീർ.ബി, ജെ.എസ് ആർ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.