കളമശേരി: കണ്ടെയ്നർ റോഡിൽ മൂന്നു വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആറു മാസത്തോളമായി വാഹനങ്ങൾ റോഡരികിൽ കിടക്കുകയാണ്. ഏലൂർ ഫാക്ട് സിഗ്നലിനു സമീപം കെ.എൽ.04 വി.2041 രജിസ്ട്രേഷൻ ഹീറോ ഹോണ്ട ബൈക്കിൽ കാട്ടുവള്ളികൾ പടർന്നിട്ടുണ്ട്. സിഗ്നലിന് ഏകദേശം 50 മീറ്റർ ദൂരെയായി കെ.എൽ.O7 എ.എം 6949 നമ്പർ ബജാജ് പൾസറാണ് രണ്ടാമത്തെ വാഹനം. ബൈക്കിന് എതിർവശത്തായി കെ.എൽ.13 ഡബ്ളിയു9897 നമ്പർ രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയും മാസങ്ങളേറെയായി കിടക്കാൻ തുടങ്ങിയിട്ടെന്ന് സമീപവാസികൾ പറയുന്നു. ഏലൂർ പൊലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിച്ചെങ്കിലും കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നമ്പർ പ്ലെയ്റ്റുകൾ വ്യാജമാണോയെന്നും വ്യക്തമല്ല. മോഷ്ടാക്കൾ ഇന്ധനം തീർന്നപ്പോഴോ പൊലീസിനെ കണ്ട് ഭയന്നോ ഉപേക്ഷിച്ചു പോയതാകാമെന്നാണ് നിഗമനം.