കൊച്ചി: ഗതാഗതകുരുക്ക് എന്ന തീരാശാപത്തിൽ നിന്ന് വൈറ്റില ജംഗ്ഷന് താമസിയാതെ മോചനമാകും. ഇവിടെ രണ്ട് അടിപ്പാതകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. നിലവിലുള്ള റെയിൽവേ ട്രാക്കിനോട് ചേർന്നാണ് ആദ്യ പാത. ഡെക്കാത്തലോൺ സ്പോർട്സ് സെന്ററിന് തൊട്ടു മുന്നിലാവും രണ്ടാം പാത. നിലവിൽ പൊലീസ് ഇവിടെ യു.ടേൺ ഏർപ്പെടുത്തിയിട്ടുണ്ട്. നാറ്റ്‌പാക്ക്, ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ. ഐ) പൊലീസ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങി വിവിധ ഏജൻസികളിലെ വിദഗ്ദ്ധർ അടങ്ങുന്ന സമിതിയാണ് വൈറ്റില ജംഗ്ഷൻ വികസനത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ഈ മാസം ഒടുവിൽ എം.പി, എം.എൽ.എമാർ, മേയർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും. പിന്നീട് പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
ജംഗ്ഷൻ വികസിപ്പിക്കും
കേരളത്തിലെ ഏറ്റവും തിരക്കുള്ള ജംഗ്ഷനാണ് വൈറ്റില. ഫ്ളൈഓവർ വന്നിട്ടും ഗതാഗതക്കുരുക്ക് അയഞ്ഞിട്ടില്ല. ഫ്ളൈ ഓവറിന് കീഴിലുള്ള പാതയിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾ കടന്നുപോകുന്നുവെന്നാണ് കണക്ക്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ജനുവരിയിൽ പൊലീസ് പുതിയ ട്രാഫിക് പരിഷ്‌കാരം ഏർപ്പെടുത്തിയിട്ടും ജംഗ്ഷനിലെ തിരക്ക് കുറഞ്ഞിട്ടില്ല. അടിപ്പാതകൾ യാഥാർത്ഥ്യമാകുന്നതോടെ കുരുക്കിന് ശാശ്വതപരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ നിർമ്മാണചുമതല ദേശീയപാത അതോറിട്ടി ഏറ്റെടുക്കും. വളരെ വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കാനാകുമെന്ന് കരുതുന്നു . ഇതിനുള്ള ചെലവ് കൃത്യമായി കണക്കാക്കിയിട്ടില്ല. വൈറ്റില ജംഗ്ഷൻ വികസനത്തിന് വേണ്ടിയുള്ള വിശദമായ മാർഗരേഖയും വിദഗ്ദ്ധസമിതി തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ ജംഗ്ഷന്റെ വിസ്തൃതി 45 മീറ്ററാണ്. ഗതാഗതം സുഗമമാക്കണമെങ്കിൽ ഇത് 65 മീറ്ററായി വികസിപ്പിക്കണം. ജംഗ്ഷൻ വികസനത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന്റെ ബാദ്ധ്യത സർക്കാർ വഹിക്കും. കിഫ്‌ബി വഴി ഇതിനുള്ള ഫണ്ട് കണ്ടെത്തും.
ലക്ഷ്യമിടുന്നത് ഹബ്ബിന്റെ
വികസനം
വീതിയുള്ള അടിപ്പാത വരുന്നതോടെ നഗരത്തിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് ജംഗ്‌ഷൻ സ്പർശിക്കാതെ അടിപ്പാത വഴി ഹബ്ബിലേക്ക് കടക്കാം. തമ്മനം വഴി വരുന്ന വാഹനങ്ങൾക്കും ഈ പാത ഉപയോഗിക്കാം. ഇടപ്പള്ളിയിലെന്ന പോലെ ഫ്ളൈ ഓവറിന്റെ അടിഭാഗത്ത് ഓട്ടോറിക്ഷ, ഇരുചക്ര വാഹന പാർക്കിംഗിന് സ്ഥലം നീക്കിവയ്ക്കും. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ സമഗ്രവികസനമാണ് പ്രധാന ലക്ഷ്യം. വാട്ടർ മെട്രോ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തൊട്ടടുത്തുണ്ടായിട്ടും ഹബ്ബ് ജനങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. ദീർഘദൂര യാത്രക്കാർ ഹബ്ബിലേക്ക് കയറാതെ പുറത്തുള്ള സ്റ്റോപ്പിൽ നിന്ന് ബസ് പിടിക്കുന്ന പ്രവണത വർദ്ധിക്കുകയാണ്. ഇത് അപകടങ്ങൾക്ക് വഴി വയ്ക്കും.
ഷഹീം.എസ്
നാറ്റ്പാക് പ്രിൻസിപ്പൽ സയന്റിസ്റ്റ്