കൂത്താട്ടുകുളം: നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡി.ആ.ർ ബിജുവിനെ കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യാനിടയായ സാഹചര്യത്തിൽ ഫയലുകൾ സമഗ്ര പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഓടയിലേക്ക് മാലിന്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട് ഒരേതെറ്റിന് വ്യത്യസ്ത ശിക്ഷാനടപടികൾ ആരോഗ്യവിഭാഗം സ്വീകരിച്ചതിലെ ക്രമക്കേട് കൗൺസിലിൽ യു.ഡി.എഫ് കൗൺസിലർമാർ ചൂണ്ടിക്കാണിച്ചിരുന്നു. ആരോഗ്യ വിഭാഗത്തിലെയും എൻജിനീയറിംഗ് വിഭാഗത്തിലെയും പരാതികൾ ഉയർന്ന ഫയലുകളെല്ലാം സമഗ്ര പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ അഡ്വ. ബോബൻ വർഗീസ്, സിബി കൊട്ടാരം, ജിജോ ടി. ബേബി, പി.സി. ഭാസ്കരൻ, ജോൺ എബ്രാഹം, മരിയ ഗൊരേത്തി, ടി.എസ്. സാറ, സി.എ. തങ്കച്ചൻ, ബേബി.കീരാന്തടം, ലിസി ജോസ് എന്നിവർ പങ്കെടുത്തു.