കൂത്താട്ടുകുളം: നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഴിമതിക്കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ നഗരസഭ അഴിമതി മുക്തമാക്കണമെന്നും അതിന് ഭരണനേതൃത്വം ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പാർലമെന്റി പാർട്ടി അംഗങ്ങൾ നഗരസഭക്ക് മുമ്പിൽ ധർണ നടത്തി. നഗരസഭയിലെ അഴിമതിയെ സംബന്ധിച്ച് കൗൺസിലർമാർ അക്ഷേപം ഉന്നയിച്ച സന്ദർഭങ്ങളിലെല്ലാം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണനേതൃത്വം സ്വീകരിച്ച് വന്നതെന്ന് ധർണ ഉദ്ഘാടനംചെയ്ത പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ പറഞ്ഞു. സി.എ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബേബി കീരാംതടം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, എം.കെ. ചാക്കോച്ചൻ, കൗൺസിലർമാരായ ബോബൻ വർഗീസ്, സിബി കൊട്ടാരം, പി.സി. ഭാസ്കരൻ, ജിജോ ടി. ബേബി, റോയി ഇരട്ടയാനിക്കൽ, മരിയ ഗൊരേത്തി, സാറ ടി.എസ്, ലിസി ജോസ് എന്നിവർ പ്രസംഗിച്ചു.