അങ്കമാലി:തൃശൂരിൽ നടന്ന സംസ്ഥാന നീന്തൽ മത്സരത്തിൽ അങ്കമാലി വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം. ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച വിശ്വജ്യോതി സ്‌കൂളിലെ വിദ്യാർത്ഥികൾ 30 സ്വർണവും 22 വെള്ളിയും 19 വെങ്കലവും നേടി. സീനിയർ വിഭാഗത്തിൽ ഏഴ് സ്വർണവും 10 വെള്ളിയും മൂന്ന് വെങ്കലവും വിശ്വജ്യോതി കരസ്ഥമാക്കി. ഏഴാം ക്ലാസ് വിദ്യാർത്ഥിനി കാരൺ ബെന്നി വേഗതയേറിയ നീന്തൽ താരവുമായി.

ജൂനിയർ, സബ് ജൂനിയർ മത്സരങ്ങളിൽ 23 സ്വർണവും 12 വെള്ളിയും 16 വെങ്കലവും വിശ്വജ്യോതി സ്വന്തമാക്കി. ഗ്രൂപ്പ് രണ്ട് വിഭാഗത്തിൽ കാരൺ ബെന്നി വ്യക്തിഗത ചാമ്പ്യനായി.

ഗ്രൂപ്പ് അഞ്ച് വിഭാഗത്തിൽ പൂർണിമ ദേവ് 50 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ പത്തു വർഷത്തെ റെക്കാഡ് തിരുത്തി സംസ്ഥാന ചാമ്പ്യനായി. 4x100 മീറ്റർ ഫ്രീ സ്‌റ്റൈൽ റിലേയിൽ റസൽ ജോൺ ജൂഡ് ഗ്രൂപ്പ് രണ്ട് വിഭാഗത്തിൽ റെക്കാ‌‌ഡ് നേട്ടം കൈവരിച്ചു. ഗ്രൂപ്പ് ഒന്ന് വിഭാഗത്തിൽ 4x100 മീറ്റർ ഫ്രീ സ്‌റ്റൈൽ റിലേയിൽ ജോസഫ് വി.ജോസും റെക്കോർഡ് നേട്ടത്തിനുടമയായി. മികച്ച നേട്ടം കൈവരിച്ച ടീമംഗങ്ങളെ സ്‌കൂൾ മാനേജർ ഫാ.അഗസ്റ്റിൻ മാമ്പിള്ളി,പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്കൽ വൈസ് പ്രിൻസിപ്പൽ ഫാ.ഡോൺ മഞ്ഞളി,പരിശീലകൻ അനിൽകുമാർ എന്നിവർ അഭിനന്ദിച്ചു.