schoolpaipra
പായിപ്ര ഗവ.യുപി സ്കൂളിന് ആവശ്യമായ മൺപാത്രങ്ങൾ വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ കെ.എ.നൗഷാദിൽ നിന്ന് ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: വേനൽ കടുത്തതോടെ പക്ഷികൾക്കും പറവകൾക്കും ദാഹജലം ഒരുക്കുന്നതിനുള്ള മൺചട്ടികൾ പായിപ്ര ഗവ. യു.പി സ്കൂളിന് സമ്മാനിച്ച പരിസ്ഥിതി പ്രവർത്തകനും തണ്ടേക്കാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകനുമായ നൗഷാദ് മാതൃകയാവുന്നു. പായിപ്ര സ്കൂളിലേക്ക് മുപ്പതോളം മൺപാത്രങ്ങളാണ് കിളികൾക്ക് ദാഹജലം ഒരുക്കുന്നതിനായി സൗജന്യമായി നൽകിയത്. കഴിഞ്ഞ മൂന്ന് വർഷമായി കിളികൾക്ക് ദാഹജലം ഒരുക്കുന്നതിന് മൺപാത്രങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന നൗഷാദ് മൂവായിരത്തിലേറെ മൺപാത്രങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. പള്ളിക്കവല കെ.എം. സീതി സാഹിബ് മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് കൂടിയായ നൗഷാദ് പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്നു. പായിപ്ര ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ നൗഷാദിൽനിന്ന് മൺപാത്രങ്ങൾ വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി അദ്ദേഹത്തെ പൊന്നാടഅണിയിച്ച് ആദരിച്ചു. പി.ടി.എ അംഗങ്ങളായ എ.കെ. യൂസുഫ്, പി.ഇ. നൗഷാദ് , പ്രൊഫ. എ .എം .സാജിദ്, ഷാജഹാൻ പേണ്ടാണം,പരിസ്ഥിതി ക്ലബ് കോ ഓഡിനേറ്റർ കെ.എം. നൗഫൽ, സലീന എ, അനീസ കെ എം, ക്ലബ് അംഗങ്ങളായ അഹമ്മദ് വസീം, അജ്സറുദ്ദീൻ എം.എ, ശ്രാവൺ ഷാബു, സാവിയോ സജീഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.