മൂവാറ്റുപുഴ: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അനുവദിച്ച റോഡുകളുടെ നിർമ്മാണം അടിയന്തരമായി ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ തകർന്ന റോഡുകൾക്കായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. മാറാടി പെരിങ്ങഴ റോഡ്, മുല്ലപ്പുഴച്ചാൽ - കോട്ട റോഡ്, മാറാടി അന്ത്യാളം - കലുങ്ക് പാലം റോഡ്, കാലാമ്പൂർ പാലം - പുല്ലാന്തിക്കുടി റോഡ്, ആയവന മയ്യാളം കടവ് റോഡ്, തോട്ടഞ്ചേരി ബൈപ്പാസ് റോഡ്, ഏനാലിക്കുന്ന് മുങ്ങാച്ചാൽ റോഡ്, വാളകം അമ്പലത്തിങ്കൽ കടവ് റോഡ്, കലയക്കാട് - വടവുകോട് റോഡ്, പായിപ്ര കുഴിയാങ്കുളങ്ങര റോഡ്, കാവക്കാട് ചാൽ റോഡ്, ഉതുമ്പേലിത്തണ്ട് ഹരിജൻ കോളനി റോഡ് എന്നിവക്കാണ് ഫണ്ടനുവദിച്ചിരുന്നത്.
6 മാസം കാലയളവ് നിശ്ചയിച്ചിരുന്നത് കഴിഞ്ഞതിനാൽ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് തടസം നേരിട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കൊവിഡ് പ്രതിസന്ധിയും കാലതാമസമുണ്ടാക്കി. ടെൻഡർ ചെയ്ത വർക്കുകൾ എടുക്കാൻ കരാറുകാർ തയ്യാറാകാത്തതും മെറ്റീരിയൽസിന്റെ വില വർദ്ധനവും നിർമ്മാണം ആരംഭിക്കാൻ തടസമായി. റീ ടെൻഡർ ചെയ്തും ആവശ്യമുള്ള പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് പുതുക്കി അനുമതി വാങ്ങിയും നടപടികൾ വേഗത്തിലാക്കി റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് എൽദോ എബ്രഹാം ആവശ്യപ്പെട്ടു.