അങ്കമാലി: ദേശീയപാതയിൽ പുതിയതായി നിർമ്മിച്ച കോതകുളങ്ങര അണ്ടർപാസ് തുറന്നുകൊടുത്ത് അണ്ടർ പാസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ദേശീയപാതയിൽ കോതകുളങ്ങരയിലെ യൂടേൺ ജംഗ്ഷൻ മുതൽ അണ്ടർപാസുവരെ സർവീസ് റോഡ് നിർമ്മിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്തസാഹിത്യ പരിഷത്ത് അങ്കമാലി യൂണിറ്റ് വാർഷികസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
നാഷണൽ ഹൈവേ അതോറിട്ടിയുടെ അനുവാദത്തോടെയാണ് നഗരസഭ അണ്ടർപാസ് നിർമ്മിച്ചത്. ദേശീയപാതയിൽ കോതകുളര കരയാംപറമ്പ് പാലങ്ങളുടെ അടിയിലൂടെയാണ് നിർമാണം. മുപ്പത്തഞ്ച് ലക്ഷംരൂപയാണ് ചെലവഴിച്ചത്. ഒന്നേകാൽലക്ഷംരൂപ ചെലവിട്ട് സ്ടീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
നാഷണൽ ഹൈവേയിൽ അശാസ്ത്രീയമായി തുറന്നിട്ടിരിയ്ക്കുന്ന യൂടേണിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.
ഇരുപത്തേഴ് പേരുടെ ജീവനാണ് ഇതുവരെ ഇവിടെ പൊലിഞ്ഞതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. യൂണിറ്റ് പ്രസിഡന്റ് കെ.ഡി. ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. വേലായുധൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി പി. ബെന്നി ക്ലാസെടുത്തു. വി.നന്ദകുമാർ, കെ.കെ. സലി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സി.ഡി. ആന്റണി (പ്രസിഡന്റ്), കെ.കെ. സുശീല (വൈസ് പ്രസിഡന്റ്), ടി. ഏല്യാസ് (സെക്രട്ടറി), പി.വി. മനോജ് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.