മൂവാറ്റുപുഴ: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതി ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന മൂവാറ്റുപുഴ നഗരസഭയിലെ ഗുണഭോക്താക്കൾ ആവശ്യമായ രേഖകൾ 20 നകം ഹാജരാക്കണം. വൃക്കരോഗികളായ ഡയാലിസിസ് ചെയ്യുന്ന വരും വൃക്ക, കരൾ മാറ്റിവെക്കലിന് വിധേയരായവരും ഹീമോഫീലിയ രോഗബാധിതരും അരിവാൾ രോഗികളുമായ കുടിശിഖ ധനസഹായം ലഭിക്കേണ്ടവരും ധനസഹായത്തിനായി 2021 ജനുവരി 27 വരെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുമാണ് രേഖകൾ സമർപ്പിക്കേണ്ടത്. ആധാർ ബന്ധിപ്പിച്ചുള്ള ബാങ്ക് പാസ് ബുക്ക്, ബി.പി.എൽ, എ.പി.എൽ രേഖകൾ, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ വ്യക്തമായി സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടെയുള്ള ലൈഫ് സർട്ടിഫിക്കറ്റ്, ഗുണഭോക്താവിന്റെ ഫോൺ നമ്പർ എന്നിവയാണ് ഹാജരാകേണ്ടത്.

ഇതിനുപുറമേ സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന ധനസഹായം ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹസ്പർശം പദ്ധതിയിലെ ചൂഷണത്തിന് വിധേയരായ അവിവാഹിത അമ്മമാർക്ക് സഹായം നൽകുന്ന പദ്ധതിയുടെ മാനദണ്ഡം പരിഷ്കരിച്ച സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് പ്രകാരം ബി.പി.എൽ. വിഭാഗത്തിന് മാത്രമാകും ധന സഹായം ലഭിക്കുക.60 വയസ് വരെ പ്രായം നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്നവരും അപേക്ഷ സമർപ്പിച്ചിട്ട് ഉള്ളവരും സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. എന്നാൽ മാത്രമേ ഇരു പദ്ധതികളുടേയും ധനസഹായം ഈ സാമ്പത്തിക വർഷം അനുവദിക്കൂവെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. വിവരങ്ങൾക്ക്: 9072380117