metro

കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്ത് നേരിയ ചരിവുണ്ടായ 347ാം നമ്പർ പില്ലറിന് ചുറ്റും നാലു പൈലുകൾ കൂടി താഴ്ത്തി ബലപ്പെടുത്തും. അടുത്ത തിങ്കളാഴ്ച പണികൾ തുടങ്ങും. കാലവർഷത്തി​ന് മുമ്പ്, ഒന്നര മാസം കൊണ്ട് തീർക്കാനാണ് പദ്ധതി​.

പദ്ധതി​ നി​ർവഹണ ചുമതലുണ്ടായി​രുന്ന ഡി.എം.ആർ.സി, കരാറുകാരായ എൽ ആൻഡ് ടി, എയ്ജിസ്, കെ.എം.ആർ.എൽ എന്നിവയുടെ നേതൃത്വത്തിലാണ് പണി​കൾ നി​ർവഹി​ക്കുന്നത്.

സർവീസി​നെ ബാധി​ക്കാത്ത രീതി​യി​ലാകും നി​ർമ്മാണം. നി​ലവി​ലെ തൂണി​ന് താഴെയുള്ള നാല് പൈലുകൾക്കും പൈൽകാപ്പി​നും ചുറ്റുമായി​ നാല് പൈലുകൾ കൂടി​യാണ് താഴ്ത്തുക. ഇവ പൈലുകൾക്ക് മുകളി​ലെ പ്ളാറ്റ്ഫോമി​ലേക്ക് ബന്ധി​പ്പി​ക്കും. പ്രശ്നം പഠി​ച്ച എയ്ജിസ് ഇന്ത്യ തയ്യാറാക്കി​യ ഡി​സൈൻ അനുസരി​ച്ചാണ് നി​ർമ്മാണം. കരാറുകാരായ എൽ ആൻഡ് ടിക്കാണ് നിർമ്മാണ ചുമതല.

നിലവിലുളള മെട്രോറെയിൽ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും ജോലികൾ. ഫെബ്രുവരി​യി​ൽ പതി​വ് പരി​ശോധനകൾക്കി​ടെയാണ് 347ാം നമ്പർ പില്ലറിന് മുകളി​ലെ പാളത്തി​ൽ നേരി​യ അകൽച്ച കണ്ടെത്തി​യത്. ഇതേ തുടർന്ന് പത്തടി​പ്പാലത്ത് ആദ്യം വേഗത നി​യന്ത്രി​ച്ചു. പി​ന്നീട് പ്രശ്നം ഗൗരവമാണെന്ന് കണ്ട് പത്തടി​പ്പാലം - ആലുവ റൂട്ടി​ൽ സർവീസ് വെട്ടി​ക്കുറച്ചു. ഇപ്പോൾ 20 മി​നി​റ്റ് ഇടവേളകളി​ൽ മാത്രമാണ് ഈ റൂട്ടി​ൽ മെട്രോ ട്രെയി​നുകൾ ഓടുന്നത്.