മട്ടാഞ്ചേരി: വർണ്ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷം ഇന്ന്. കൊവിഡ് ആശങ്കയുടെ ഇടവേളയ്ക്ക് ശേഷമുള്ള ഹോളിയാഘോഷത്തിലും കരുതലിന്റെ നിയന്ത്രണങ്ങളുണ്ട്. ദേശ, ഭാഷാ, വ്യത്യാസമന്യേ ഹോളി ആഘോഷത്തിൽ പങ്കെടുക്കുവാൻ അന്യദേശങ്ങളിൽ നിന്ന് കൊച്ചിക്കാർ നാട്ടിലെത്തും.വടക്കെ ഇന്ത്യൻ സമൂഹ കേന്ദ്രങ്ങൾക്കൊപ്പം കൊങ്കണി സമൂഹവും മലയാളി സമാജങ്ങളും ഹോളി ആഘോഷ ലഹരിയിലാകും. അധർമ്മത്തിനെതിരായ ധർമ്മികതയുടെ വിജയാഹ്ലാദ മാണി ഹോളി.
'ഹോളികയെ പ്രതീകാത്മക അഗ്നിജ്വാലയിൽ വെന്തുമുക്കിയാണ് വർണ്ണാഘോഷം തുടങ്ങുക. ഇന്നലെ രാത്രി വടക്കേയിന്ത്യൻ കേന്ദ്രങ്ങളിൽ ഹോളികയെ പ്രതീകാത്മക അഗ്നിപ്രവേശനം നടത്തി.ഗുജറാത്തി റോഡ്,പാലാസ് റോഡ്, ചെറളായി അമരാവതി, ദ്രോണാചാര്യ മുണ്ടംവേലി, നേവൽ ബേസ്, കഠാരി ഭാഗ്, ടി.ഡി.റോഡ് തുടങ്ങി വിവിധ കേന്ദ്രങ്ങളിലും അന്യ സംസ്ഥാനത്തൊഴിലാളി കേന്ദ്രങ്ങളിലുമാണ് ഹോളി വിപുലമായി കൊണ്ടാടുന്നത്. വെള്ളിയാഴ്ച നഗരവീഥികളിൽ വർണ്ണ പൊടികളുമായി യുവാക്കളും ഹോളിയിൽ പങ്കെടുക്കും. ഫോർട്ടുകൊച്ചി ,മട്ടാഞ്ചേരി മേഖലയിലെ ഹോളിയാഘോഷങ്ങളിൽ വിദേശ വിനോദ സഞ്ചാരികളും പങ്കെടുക്കും..