hari
റൂറൽ ജില്ലയിലെ ഏറ്റവും നല്ല ജനമൈത്രി ബീറ്റ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ബിനാനിപുരം ബിറ്റ് ഓഫീസർ എ.എസ്.ഐ പി.ജി. ഹരിക്ക് ജസ്റ്റിസ് എൻ. അനിൽകുമാർ ഉപഹാരം നൽകുന്നു

ആലുവ: റൂറൽ ജില്ലയിലെ ഏറ്റവും നല്ല ജനമൈത്രി ബീറ്റ് ഓഫീസറായി ബിനാനിപുരം ബിറ്റ് ഓഫീസർ എ.എസ്.ഐ പി.ജി. ഹരിയെ തിരഞ്ഞെടുത്തു. നിരവധി ജനോപകാര കാരുണ്യപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

ജന്മനാ ശാരീരികവൈകല്യത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബത്തിലെ പതിനേഴുകാരന്റെ വീടിന്റെ മുറ്റം ടൈൽവിരിച്ച് ചുറ്റുമതിൽകെട്ടി വീൽചെയറിൽ പുറത്തിറങ്ങാൻ പറ്റുന്ന രീതിയിൽ സഞ്ചാരയോഗ്യമാക്കി നൽകിയത് ഹരിയുടെ നേതൃത്വത്തിലാണ്. പ്രായാധിക്യവും ശാരീരിക അവശതയാലും ബുദ്ധിമുട്ടനുഭവിച്ചിരുന്ന എരമം സ്വദേശിനിക്ക് വീൽചെയർ നൽകിയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതും വാടകയ്ക്ക് താമസിക്കുന്നതും ഗുരുതര രോഗങ്ങൾ ഉള്ളതുമായ ആൾക്ക് എല്ലാ മാസവും മരുന്ന് എത്തിച്ച് നൽകുകയും ചെയ്തു.

റോഡിൽ അലഞ്ഞുതിരിഞ്ഞ് നടന്ന മാനസികരോഗിയായ സ്ത്രീയെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയും കൊവിഡ് മഹാമാരിക്കാലത്ത് ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടിയവർക്ക് അവ എത്തിച്ച് നൽകിയും ഹരി സേവനരംഗത്ത് ശ്രദ്ധേയനായിരുന്നു. സ്റ്റേഷൻ പരിധിയിൽ നിരവധി ബോധവത്കരണ ക്ലാസുകൾ, മെഗാ മെഡിക്കൽ ക്യാമ്പ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ തുടരുന്നു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജസ്റ്റിസ് എൻ. അനിൽകുമാർ ഉപഹാരം നൽകി.