ശനിയും ഞായറും ഗോത്ര പൈതൃക മേള
കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായി വെറുതേ കിടക്കുന്ന എറണാകുളം ഫോർ ഷോർ റോഡിലെ ഗോത്ര പൈതൃക കേന്ദ്രത്തിൽ പരിപാടികളുമായി പട്ടിക വർഗ വികസന വകുപ്പ്.
പട്ടികവർഗക്കാരുടെ പരമ്പരാഗത ഉത്പ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും കലാരൂപങ്ങൾ സംരക്ഷിക്കുന്നതിനുമായി ജില്ലാതല മേള 'ഗദ്ദിക' ഗോത്ര പൈതൃക കേന്ദ്രത്തിൽ ശനി,ഞായർ ദിവസങ്ങളിൽ നടത്തും. നാളെ വൈകിട്ട് നാലിന് മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. കളക്ടർ ജാഫർ മാലിക് മുഖ്യാതിഥിയാകും.
നഗരത്തിലേക്ക്
കാടിന്റെ ഉത്പന്നങ്ങൾ
പട്ടികവർഗ്ഗക്കാരുടെ തനത് ഉത്പന്നങ്ങളായ തേൻ, തെളളി, കാട്ട്കുടംപുളി, ശതാവരിക്കിഴങ്ങ്, കൂവപ്പൊടി, മുളയരി, കാട്ട്കണ്ണിമാങ്ങ, ഇഞ്ച, ഈറ്റ ഉൽപ്പന്നങ്ങൾ, പൂക്കൊട്ട, മുറം, ചട്ടുകം, തുടങ്ങിയവയുടെ പ്രദർശനവും വിപണനവും മേളയിൽ ആകർഷക ഐറ്റങ്ങളാണ്.
• ഗോത്രകലകൾ കാണാം
ശനിയും ഞായറും വൈകിട്ട് അഞ്ച് മുതൽ ഏഴുവരെ മലപുലയ വിഭാഗത്തിന്റെ മലപുലയാട്ടം, ഊരാളി വിഭാഗത്തിന്റെ കമ്പ് കളി, ഊരാളിക്കൂത്ത്, ഉള്ളാട വിഭാഗത്തിന്റെ പാരമ്പര്യഗാനം എന്നിങ്ങനെ ഗോത്രകലകളുടെ പ്രദർശനവും ഉണ്ടാകും.
• എട്ടുകോടിയുടെ സൗധം
എട്ടു കോടി ചെലവിലാണ്
കൊച്ചി കായലിന് അഭിമുഖമായി ഫോർഷോർ റോഡിൽ 1.18 ഏക്കറിൽ പൈതൃക കേന്ദ്രം നിർമ്മിച്ചത്.
2,229 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മൂന്നു നിലകെട്ടിട സമുച്ചയമാണിത്. ഗോത്രോത്പന്നങ്ങളുടെ പ്രദർശനത്തിനും വിൽപനയ്ക്കുമുള്ള വേദി, ഗോത്ര കലാരൂപങ്ങളുടെ പുതിയ പ്ലാറ്റ്‌ഫോം, വംശീയ ഭക്ഷണം പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ ആദിവാസി ഗോത്രങ്ങളെ പിന്തുണയ്ക്കലായിരുന്നു ലക്ഷ്യം. 300 സീറ്റുള്ള ആധുനിക ഓഡിറ്റോറിയം, എക്‌സിബിഷൻ കം സെയിൽസ് സ്റ്റാളുകൾ, ഫുഡ് കോർട്ട്, ഡോർമിറ്ററികൾ എന്നിവയും ഇവിടെയുണ്ട്. രണ്ട് ഷോറൂമുകൾ മാത്രമാണ് ഇവിടെ പ്രവർത്തനം. 11 കടമുറികളും ഒഴിഞ്ഞു കിടക്കുകയാണ്. കേന്ദ്രസർക്കാരിന്റെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള ട്രൈബ്സ് ഇന്ത്യയുടെ ഷോറൂം നന്നായി നടക്കുന്നുമുണ്ട്. അട്ടപ്പാടി സൊസൈറ്റിയുടെ ഷോപ്പ് തട്ടി മുട്ടി പോകുന്നു. കെട്ടിടം നോക്കുന്നതിനോ ദൈനം ദിന നടപടിക്രമങ്ങൾക്കോ അടുത്ത കാലം വരെ ജീവനക്കാരില്ലായിരുന്നു.