തൃക്കാക്കര: പി.ടി തോമസ് എം.എൽ.എയുടെ മൃതദേഹം കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വച്ചതിന്റെ പേരിൽ പണം ചെലവഴിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗൺസിലർ ഉൾപ്പടെ എൽ.ഡി.എഫ് കൗൺസിലർമാർ വിജിലൻസിൽ കൊടുത്ത പരാതിയിൽ അന്വേഷണം ആരംഭിച്ചു.
ഇന്നലെ നഗരസഭാ സ്വതന്ത്ര കൗൺസിലർ പി.സി മനൂപിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. മനൂപ് ഉൾപ്പടെ ഇടതുപക്ഷത്തെ 18 കൗൺസിലർമാരുടെ നേതൃത്വത്തിൽ പരാതി നൽകിയത്. വരും ദിവസങ്ങളിൽ മുഴുവൻ കൗൺസിലർമാരെ മൊഴി രേഖപ്പെടുത്താനാണ് വിജിലൻസ് ഒരുങ്ങുന്നത്. മൃത ശരീരത്തിലോ മരണാനന്തര ചടങ്ങുകളിലോ പുഷ്പങ്ങൾ അർപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നായിരുന്നു പി.ടി. തോമസിന്റെ അന്ത്യാഭിലാഷം. ഇത് പാലിക്കപ്പെട്ടെങ്കിലും പുഷ്പങ്ങൾ വാങ്ങിയതായി കണക്ക് കാണിച്ചതാണ് ഇടതുപക്ഷം ചോദ്യം ചെയ്തത്. സംഭവം വിവാദമായതോടെ പൊതുദർശനത്തിന് തൃക്കാക്കര നഗരസഭ ചെലവഴിച്ച തുക സംബന്ധിച്ച് വിവാദമായതിനെ തുടർന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ട് നഗരസഭയ്ക്ക് തുക നൽകി വിവാദത്തിൽ നിന്നും തലയൂരാൻ ശ്രമിച്ചതും വിവാദമായിരുന്നു