കൊച്ചി: തിരുവനന്തപുരം ലോ കോളേജിൽ നിയമവിദ്യാർ‌ത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ കെ.എസ്.യു, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കെ.എസ്.യു മാർച്ചിൽ പ്രവ‌ർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. എസ്.എഫ്‌.ഐയുടെ സ്ത്രീ വിരുദ്ധ രാഷ്ട്രീയത്തിനെതിരെ സാംസ്‌കാരിക നായകർ പ്രതികരിക്കണമെന്നും പെൺകുട്ടികളെ പോലും തെരഞ്ഞുപിടിച്ചു മർദ്ദിക്കുന്ന എസ്.എഫ്ഐയെ താലിബാൻ സംഘടനയായി പ്രഖ്യാപിക്കേണ്ടതാണെന്നും കെ.എസ്‌.യു എറണാകുളം ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. കെ.എസ്‌.യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് മഹാരാജാസ് കോളേജിനു മുമ്പിൽ വച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മുദ്രാവാക്യമുയർത്തി ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ മൂന്നുവട്ടം പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെ. കൃഷ്ണ ലാൽ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

കേരളത്തെ സ്ത്രീകൾക്ക് രക്ഷയില്ലാത്ത നാടാക്കി മാറ്റിയതാണ് കഴിഞ്ഞ 6 വർഷത്തെ പിണറായി വിജയന്റെ ഭരണ നേട്ടമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ പറഞ്ഞു. സ്ത്രീകൾ പുറത്തിറങ്ങിയാൽ ഒന്നുകിൽ ഗുണ്ടകളുടെ അക്രമം, അല്ലെങ്കിൽ എസ്.എഫ്.ഐയുടെ അക്രമം. ഒരു പെൺകുട്ടിയെ നിലത്തിട്ട് വലിച്ചിഴച്ച് മർദ്ദിച്ച സംഭവത്തെ അപലപിക്കാൻ പോലും തയ്യാറാകാത്ത മുഖ്യമന്ത്രി എന്ത് സന്ദേശമാണ് അക്രമികൾക്ക് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഡി.സി.സി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസന്റേഷൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, സെക്രട്ടറി ടോണി ചമ്മിണി, പോളച്ചൻ മണിയംകോട്ട്, ഡി.സി.സി ഭാരവാഹികളായ ജോസഫ് ആന്റണി, ബാബു പുത്തനങ്ങാടി, എൻ.ആർ. ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.