വൈറ്റില: എരൂർ-വൈറ്റില റോഡിൽ കണിയാമ്പുഴ പാലത്തിനു സമീപത്തെ മാക്‌സ് കൊച്ചിൻ ഹെറിറ്റേജ് ബാറിന് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഒന്നാം നിലയിലെ സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയുടെ മുകൾഭാഗത്തായാണ് തീപിടിത്തമുണ്ടായത്. അകത്തുണ്ടായിരുന്ന തൊഴിലാളികൾ ജനാലയിലൂടെയും മറ്റും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. തൃപ്പൂണിത്തുറ, ഗാന്ധിനഗർ ഫയർ സ്റ്റേഷനുകളിൽ നിന്ന് രണ്ട് വീതം വാഹനവും ക്ലബ് റോഡ്, തൃക്കാക്കര ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ഓരോ വാഹനവും എത്തി അര മണിക്കൂറിലധികം സമയമെടുത്താണ് തീ അണച്ചത്. ബാർ പ്രവർത്തിക്കുന്ന ഭാഗത്ത് നിന്നു മാറിയുള്ള മുറിയായതിനാൽ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു.