lift

കൊച്ചി: കെ.എസ്.ഇ.ബി തൊഴിലാളികൾ ഇനി പോസ്റ്റിൽ കയറി ബുദ്ധിമുട്ടണ്ട. എളുപ്പത്തിൽ പണികൾ തീർ‌ക്കാനുള്ള ആശയവുമായി എത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി എറണാകുളം ഇലക്ട്രിക്കൽ ഡിവിഷൻ. ഇതിനായി സ്കൈ ലിഫ്റ്റ് എന്ന പുതിയ യന്ത്രമാണ് അധികൃതർ എത്തിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബിയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള യന്ത്രം വാങ്ങുന്നത്. അശോക് ലൈലാൻഡ് ദോസ്ത് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന സ്കൈ ലിഫ്റ്റിൽ വളരെ സുരക്ഷിതമായി ഉദ്യാഗസ്ഥർക്ക് ജോലി ചെയ്യാം. അപകടസാദ്ധ്യതയുള്ള പോസ്റ്റുകളിൽ ജീവൻ പണയം വച്ച് ജോലി ചെയ്യണ്ട എന്നർ‌ത്ഥം. ഒപ്പം ഇലക്ട്രിക് ലൈനിലെ ജോലികൾ ചെയ്യുന്നതിനും ലൈനിനോട് ചേർന്ന് കിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനുമെല്ലാം ലിഫ്റ്റ് ഉപയോഗപ്രദമാണ്. ഇത്തരം ജോലികൾ ചെയ്യുന്നതിന് അധിക സമയം എടുക്കുന്നതിനാൽ പലതരത്തിലുള്ള പരാതികൾ എത്തിയിരുന്നു. ഇത് മറികടക്കുന്നതിനായാണ് എറണാകുളം ഡിവിഷൻ കെ.എസ്.ഇ.ബിയുമായി പുതിയ പദ്ധതിയുടെ ആശയം പങ്കുവച്ചത്. മുംബയ് ആസ്ഥാനമായുള്ള ജെമിനി പവർ ഹൈഡ്രോളിക്സ് എന്ന സ്ഥാപനമാണ് സ്കൈ ലിഫ്റ്റ് നിർമ്മിച്ചിരിക്കുന്നത്. 18 ലക്ഷം രൂപയാണ് വില. 11 മീറ്റർ ഉയരത്തിൽ ഇത് പ്രവർത്തിക്കും. ലിഫ്റ്റ് ഉയ‌ർന്നു പൊങ്ങുമ്പോൾ വാഹനം മറിയാൻ സാദ്ധ്യതയുള്ളതിനാൽ ഇത് മറികടക്കാൻ പ്രത്യേക സ്റ്റാൻഡ് ഉണ്ട്. ഇവരുടെ ചെന്നൈയിലുള്ള ബ്രാഞ്ചിൽ സബ് എൻജിനീയർ പത്താംതീയതി നേരിട്ടെത്തി യന്ത്രത്തിന്റെ സാദ്ധ്യതകൾ മനസിലാക്കിയിരുന്നു. തുടർന്നാണ് സർക്കിളിലേക്ക് യന്ത്രം എത്തിച്ചത്. യന്ത്രത്തിന്റെ പ്രവ‌ർത്തനങ്ങൾ പരിശോധിച്ച ശേഷം ജില്ലയിലെ എല്ലാ സർക്കിളുകളിലേക്കും വാങ്ങാനാണ് പദ്ധതി.

 യന്ത്രത്തിൽ തൊഴിലാളികൾക്കുള്ള പരിശീലനം നടത്തി. എല്ലാവരും സംതൃപ്തരാണ്. വളരെ സുരക്ഷിതരായി തൊഴിലാളികൾക്ക് ജോലി ചെയ്യാം. മറ്റ് സർക്കിളുകളിലേക്ക് ഉടൻ തന്നെ വാങ്ങാനാണ് സാദ്ധ്യത.

രഞ്ജു ഫ്രാൻസിസ്

അസിസ്റ്റന്റ് എൻജിനീയർ

എറണാകുളം.