
കൊച്ചി: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് വിശദീകരിച്ച് ഹർജിക്കാരൻ തിരുവനന്തപുരം സ്വദേശി ആർ.എസ്. ശശികുമാർ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി.
ഓർഡിനൻസിനെതിരെ ശശികുമാർ നൽകിയ ഹർജിയിൽ ലോകായുക്തയ്ക്ക് കോടതികളുടെ അധികാരമില്ലെന്നും അന്വേഷണസ്വഭാവത്തിലുള്ള സംവിധാനം മാത്രമാണിതെന്നും സർക്കാർ നേരത്തേ വിശദീകരണം നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഹർജിക്കാരൻ സമർപ്പിച്ചത്.
സർക്കാരിന്റെ വാദം തെറ്റാണെന്നും ഇത്തരമൊരു നിയമഭേദഗതി നിയമവാഴ്‌ചയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരാണെന്നും ഹർജിക്കാരൻ പറയുന്നു. രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഓർഡിനൻസ് അവതരിപ്പിച്ചത് തെറ്റാണ്. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ അയോഗ്യരാക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ല. എന്നാൽ അവർ മുഖ്യമന്ത്രിയോ മന്ത്രിമാരോ ആകുമ്പോൾ ലോകായുക്തയുടെ അധികാരപരിധിയിൽ വരുമെന്നും ഹർജിക്കാരൻ വിശദീകരിച്ചു.