ആലുവ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ജീവനക്കാർ ക്ഷേത്രമര്യാദകൾ പാലിക്കുന്നില്ലെന്ന പരാതിയിൽ മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ജീവനക്കാരിൽ നിന്നും രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടു. ക്ഷേത്ര ജീവനക്കാരുടെ അലംഭാവം സംബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ കൗൺസിലർ കെ.കെ. മോഹനൻ ദേവസ്വം മന്ത്രിക്കും ദേവസ്വം ബോർഡ് പ്രസിഡന്റിനും രേഖാമൂലം പരാതി നൽകിയത് 'കേരളകൗമുദി' കഴിഞ്ഞ വ്യാഴാഴ്ച്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരിൽ നിന്നും വിശദീകരണം തേടിയതെന്ന് മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ജി. ബിജു 'കേരളകൗമുദി'യോട് പറഞ്ഞു. വഴിപാടിന് രസീത് എഴുതിച്ചവർക്ക് പ്രസാദം നൽകാതെയും പ്രസാദത്തിനായി പലവട്ടം വരുത്തിയുമെല്ലാം നിരുത്തരവാദപരമായി ജീവനക്കാർ പെരുമാറുന്നതായാണ് പരാതി. പരാതിക്കാരനായ കെ.കെ. മോഹനനും സമാനമായ അനുഭവമുണ്ടായി. ജീവനക്കാർ ക്ഷേത്രകാര്യങ്ങളിൽ സമയനിഷ്ഠ പാലിക്കാതെയും വിശ്വാസികളെ വലക്കുകയാണ്. പരാതി പറഞ്ഞിട്ടും ഫലമില്ലാതായ സാഹചര്യത്തിലാണ് മോഹനൻ പരാതി നൽകിയത്.