നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം പത്ത് ഏക്കറോളം വരുന്ന കാരക്കാട്ടുചിറയുടെ ടൂറിസം സ്വപ്നം ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഇത്രയേറെ വിസ്തൃതമായ മറ്റൊരു ചിറ ജില്ലയിൽ തന്നെ വിരളമായിരിക്കും. വിമാനത്താവളത്തിന്റെ സാമീപ്യംകൊണ്ട് സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ പോലും ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ശുചീകരണമില്ലാതെ നാശോന്മുഖമായി കിടക്കുകയായിരുന്ന പത്ത് ഏക്കർ വിസ്തൃതമായ കാരക്കാട്ടുചിറ ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശുചീകരിച്ചിരുന്നു. കെട്ടിക്കിടന്ന പുല്ലും പായലും മാലിന്യവും തുടർച്ചയായി ഒരാഴ്ച്ചയിലേറെ സമയമെടുത്ത് യന്ത്രം ഉപയോഗിച്ചാണ് നീക്കം ചെയ്തത്. മുൻകാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലായിരുന്നു പായൽ വാരിയിരുന്നത്. എന്നാൽ ഇത്തരം പണികൾ തൊഴിലുറപ്പുപദ്ധതിയിൽ നിന്ന് ഒഴിവാക്കിയതോടെ പായൽ വാരൽ മുടങ്ങുകയായിരുന്നു. ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറയിലെ കുറച്ചു ഭാഗത്തെ പായൽ മാത്രമാണ് നീക്കിയത്. ബാക്കി നീക്കം ചെയ്യാൻ കാലതാമസം വന്നതോടെ മൂന്ന് മാസത്തിനുള്ളിൽ ചിറയാകെ വീണ്ടും രണ്ടടി കനത്തിൽ പായൽ മൂടി. ഇവ ചീഞ്ഞ് വെള്ളം മലിനമായാൽ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളും മലിനമാകുമായിരുന്നു. തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് മേഖലയിലെ കുളങ്ങൾ നവീകരിക്കുന്ന പദ്ധതിയിൽ കാരക്കാട്ടുചിറയെ ഉൾപ്പെടുത്തി പായൽ നീക്കിയത്.

വെള്ളം മലിനമാകാതെ സംരക്ഷിക്കുകയായിരുന്നു ഗ്രാമ -ബ്ളോക്ക് പഞ്ചായത്തുകളുടെ ആദ്യ ലക്ഷ്യം. ഇനി സംസ്ഥാന, ജില്ലാ പദ്ധതിയിൽ ഉൾപ്പെടുത്തി ചിറയുടെ വികസനം കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രദീഷ് അറിയിച്ചു. ചുറ്റുമുള്ള നടപ്പാത നവീകരിച്ച് ആളുകൾക്ക് നടക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കുക, ചുറ്റും പൂന്തോട്ടം ഒരുക്കുക, കുട്ടികൾക്ക് നീന്തൽ പരിശീലനം എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് സ്ഥലം സന്ദർശിച്ച ശേഷം പ്രദീഷ് പറഞ്ഞു. വാർഡ് മെമ്പർ അജിത അജയൻ, എ.വി. സുനിൽ, സി.പി. ഷാജി, പി.കെ. അജി, കെ.എസ്. രാജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.