dileep-sai

□ഐ ഫോണുകളിൽ നിന്ന് നീക്കിയ വിവരങ്ങൾ വീണ്ടെടുക്കും

കൊച്ചി: വധ ഗൂഢാലോചനക്കേസിലെ മുഖ്യ പ്രതി നടൻ ദിലീപ് സൈബ‌ർ വിദഗ്ദ്ധനും ബ്ലാക്ക്മെയിൽ കേസിലെ പ്രതിയുമായ സായ്ശങ്കറിന്റെ സഹായത്തോടെ രണ്ട് ഐ ഫോണുകളിൽ നിന്ന് നീക്കിയ വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ക്രൈംബ്രാഞ്ച് ആരംഭി​ച്ചു.

മുംബയിലെ സ്വകാര്യ ഫോറൻസിക് ലാബിലെത്തിച്ച നാല് ഫോണുകളിൽ രണ്ടെണ്ണം മുക്കി പകരം കോടതിയിൽ ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങളാണ് വീണ്ടെടുക്കുക. കൊച്ചിയിലെ രണ്ട് ആഡംബര ഹോട്ടലുകളിൽ മുറിയെടുത്താണ് ഏൽപ്പിച്ച പണി സായ്ശങ്ക‌ർ പൂ‌‌ർത്തിയാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 2022 ജനുവരി 29മുതൽ 31വരെയാണ് ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്. അഭിഭാഷകന്റെ ഓഫീസിലും സായ് എത്തി. ഇവിടത്തേയും കൊച്ചിയിലെ മുന്തിയഹോട്ടലിലേയും വൈഫൈ ഈ ഫോണുകളിൽ ഉപയോഗിച്ചിട്ടുണ്ട്. വാട്സ്ആപ് കാളുകൾ, ചാറ്റുകൾ, ഫോൺവിളികൾ, സ്വകാര്യ വിവരങ്ങളുൾപ്പെടെ നീക്കം ചെയ്തിട്ടുണ്ട്.

വാട്സ്ആപ് മറ്റ് ഡിവൈസുകളിൽ ലോഗിൻ ചെയ്തതായ വിവരത്തെത്തുടർന്ന് ഇവ കണ്ടെത്താനും നീക്കമാരംഭിച്ചു. ഫോണിലെ വിവരങ്ങൾ നീക്കംചെയ്യാൻ സായ് ഉപയോഗിച്ച ഐമാക് ലാപ്ടോപ്പ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ദിലീപ് കോടതിയിൽ ഹാജരാക്കിയ ഫോണുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധി​ച്ചപ്പോഴാണ് ആപ്പിൾ ഫോണുകളിലെ സുപ്രധാന വിവരങ്ങൾ മായ്ച്ചുകളഞ്ഞതായി തിരിച്ചറിഞ്ഞത്. മുംബയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെത്തിച്ച് ഫോണുകളിലെ വിവരങ്ങൾ പക‌ർത്തിയ ഹ‌ാ‌ർഡ് ഡിസ്കിന്റെ മിറ‌ർ ഇമേജ് പരിശോധനാഫലം ലഭിച്ചിട്ടില്ല.

സായ് ഹാജരായില്ല

സായ് ശങ്കർ ഇന്നലെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല. കൊവിഡ് ലക്ഷണങ്ങൾ ഉള്ളതിനാൽ 10ദിവസം സമയം നൽകണമെന്ന് ഇമെയിൽ മുഖേന അറി​യി​ച്ചി​ട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ സായ്ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽനിന്ന് ഐപാഡും 2 മൊബൈൽഫോണും കസ്റ്റഡിയിലെടുത്തിരുന്നു.

ദിലീപിന്റെ അഭിഭാഷകൻ ബി. രാമൻപിള്ളയെ ചോദ്യംചെയ്യുന്നത് പരിഗണനയിലുണ്ടെന്ന് ക്രൈംബ്രാഞ്ച്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ രാമൻപിള്ളയെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് രാമൻപിള്ളയ്ക്ക് നോട്ടീസും നൽകി. എന്നാൽ രാമൻപിള്ള ഹാജരായില്ല.