കിഴക്കമ്പലം: കിഴക്കമ്പലം നെല്ലാട് റോഡ് പണിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തുടരുന്ന അനാസ്ഥക്കെതിരെ ശക്തമായ സമരവുമായി നീങ്ങാൻ തീരുമാനം. കെ.ആർ.എഫ്.ബി, പൊതാമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ തെരുവിൽ തടയുന്ന സമരമടക്കവുമായി നീങ്ങാനാണ് റോഡ് ഗ്രൂപ്പ് വാട്സ് ആപ്പ് കൂട്ടായ്മയുടെ തീരുമാനം. റോഡ് ബി.എം, ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന മൂന്നാംഘട്ട സമരമായ വാഹനച്ചങ്ങലയ്ക്ക് ശേഷം സഹനസമരങ്ങൾ അവസാനിപ്പിച്ച് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് 5 മുതൽ 5.30 വരെ കിഴക്കമ്പലം മുതൽ നെല്ലാട് വരെ വാഹനങ്ങൾ അണി ചേർത്ത് വാഹനച്ചങ്ങല നടക്കും. റോഡിന് ഒരു വശം മാത്രമാണ് ചങ്ങല തീർക്കുന്നത്. മറുവശം അടിയന്തര സർവ്വീസുകൾക്ക് പോകുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് വർഷമായി തുടരുന്ന നരക യാതനക്കൊടുവിലാണ് കൊടിയുടെ നിറം മറന്ന് നാട്ടുകാർ ഒരു കുടക്കീഴിൽ ഒന്നിച്ചത്. ഇവർ നയിക്കുന്ന നെല്ലാട് റോഡ് വാട്സ് അപ്പ് കൂട്ടായ്മയാണ് സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്. വാർത്താസമ്മേളനത്തിൽ ബിജു മഠത്തിപറമ്പിൽ, അരുൺ വാസു, എം.എം. ജമാൽ, സോജി ജോസഫ്, പോൾ സെബാസ്റ്റ്യൻ, ജ്യോതി ലക്ഷ്മി, റീന ജയിംസ്, ഏലിക്കുട്ടി, റെയ്മോൾ തുടങ്ങിയവർ പങ്കെടുത്തു.