കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് തന്നെ ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് കേസിലെ സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസെന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബൈജു പൗലോസിന് പുറമേ സർക്കാരിനും ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കുമാണ് നോട്ടീസ്.
കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് തനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ശാരീരികമായും മാനസികമായും ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സാഗർ ഹർജി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ നേരത്തെ സാഗർ മജിസ്ട്രേട്ട് മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന താൻ ദിലീപിന് അനുകൂലമായി മൊഴിനൽകിയെന്ന് പറഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. കാവ്യാമാധവന്റെ സഹോദരന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗർ.