
കൊച്ചി: മുൻകാല സി.പി.ഐ (എം.എൽ) നേതാവും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ കെ.സി. സെബാസ്റ്റ്യൻ (62) നിര്യാതനായി.ഭാര്യ: സാലി ജോസഫ് (ആലുവ സെന്റ് സേവ്യേഴ്സ് ട്രെയ്‌നിംഗ് കോളേജ് പ്രിൻസിപ്പൽ) മകൾ : കണ്ണകി നാറ്റ്‌സിനെറ്റ് (എൻജിനിയറിംഗ് വിദ്യാർത്ഥിനി). സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പച്ചാളം പൊതുശ്മശാനത്തിൽ.
നിരവധി ദേശീയ, രാജ്യാന്തര ചലച്ചിത്രോത്സവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സെബാസ്റ്റ്യൻ 'സമീക്ഷ' മുൻ ചീഫ് സബ് എഡിറ്ററും ചെറുകഥാകൃത്തും ഗ്രന്ഥകാരനുമാണ്. ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ച് ഗൗരവമായ പഠനങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. ധാരാളം അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനകീയ സാംസ്‌കാരികവേദി പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. വിവിധ സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. ഒളിവിലിരുന്ന കെ.വേണുവിന്റെ വിവാഹം പൊലീസിന്റെ കണ്ണു വെട്ടിച്ച് പൊതുചടങ്ങിൽ നടത്താൻ നേതൃത്വം നൽകിയത് സെബാസ്റ്റ്യനാണ്.