പറവൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പച്ചക്കറി കൃഷിചെയ്യുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള പുരസ്കാരം കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിന് ലഭിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ബോയ്സ് ഹോസ്റ്റൽ ഡയറക്റ്റർ ഫാ. സംഗീത് ജോസഫിന്റെ നേതൃത്വത്തിൽ നാൽപ്പതോളം കുട്ടികളും ചേർന്ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചർച്ച് അങ്കണത്തിലെ അഞ്ച് ഏക്കർ തരിശുഭൂമിയിൽ വിവിധങ്ങളായ പച്ചക്കറികൾ കൃഷി ചെയ്തത്. പച്ചക്കറി കൃഷിക്ക് പുറമേ കരനെൽകൃഷി, ശീതകാല പച്ചക്കറി കൃഷി, മധുരക്കിഴങ്ങ് കൃഷി, ചെറുധാന്യ കൃഷി, കൈതാരം പൊക്കാളി പാടശേഖരത്തിൽ പത്ത് ഏക്കറിൽ പൊക്കാളി നെൽകൃഷി, ഓണക്കാലത്ത് മൂന്ന് ഏക്കറിൽ പുഷ്പകൃഷിയും ചെയ്തു. ഹോസ്റ്റലിലെ ഭക്ഷണത്തിന് ശേഷം ബാക്കിയുള്ള പച്ചക്കറികൾ കാഷ്യറില്ലാ കടയിലൂടെ ജനങ്ങളിലെത്തിക്കുന്നു. ഹോസ്റ്റലിലെ കുട്ടികൾ വിളയിച്ച പൊക്കാളിനെല്ല് കുത്തി അരിയാക്കി എന്റെ പൊക്കാളി എന്ന പേരിൽ വിപണിയിലിറക്കി. ഹോസ്റ്റലിൽ മുപ്പത് പശുക്കളെ വളർത്തി 50 ഓളം വീടുകളിൽ പാൽ എത്തിക്കുന്നുണ്ട്. കോട്ടുവള്ളി കൃഷിഭവന്റെ മേൽനോട്ടത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടന്നുവരുന്നത്.