വൈപ്പിൻ: കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലെ സ്ഥിരതാമസക്കാരായ എണ്ണൂറിൽപ്പരം കുടുംബങ്ങൾ ഭൂമി സംബന്ധമായി കടുത്ത പ്രതിസന്ധിയിൽ. കൊച്ചി താലൂക്കിന് കീഴിൽ വരുന്ന മുനമ്പം, പള്ളിപ്പുറം, ചെറായി പ്രദേശങ്ങളിലെ 404 ഏക്കർ 76 സെന്റ് ഭൂമിയിൽ തീറാധാരത്തിന്റെ പിൻബലത്തോടെ പതിറ്റാണ്ടുകളായി സ്ഥിരതാമസക്കാരായ എണ്ണൂറിൽപ്പരം കുടുംബങ്ങളുടെ കരമടവും കൈവശരേഖ ലഭ്യമാക്കുന്നതും ഉൾപ്പെടെയുള്ള സമാന റവന്യൂ ഇടപാടുകൾ പൊടുന്നനെ നിർത്തിവച്ചിരിക്കുകയാണ്. നിശ്ചിത ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് 2022 ജനുവരി 13നു വഖഫ് ബോർഡ് നൽകിയ കത്തിന് പിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തത്.വർഷങ്ങളായി കൈവശംവച്ച് കരമടച്ചുപോരുന്ന എണ്ണൂറിൽപ്പരം കുടുംബങ്ങളിലെ താമസക്കാർ കടുത്ത ജീവിതപ്രതിസന്ധി അഭിമുഖീകരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നിവേദനം നല്കി. അർഹമായ ഗൗരവത്തോടെ പ്രശ്‌നം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വഖഫ് ബോർഡ് മന്ത്രി വി. അബ്ദു റഹിമാൻ, റവന്യൂ മന്ത്രി കെ.രാജൻ എന്നിവർക്കും നിവേദനം നൽകി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം.ബി. ഷൈനി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ.എസ്.അരുണ, എ.എസ്.രതീഷ്, എ.വി.ഷാജി, ആർ.എം.ബാബു, ആർ.എം.ബെന്നി, പി. ജെ. ജോസി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.