ആലുവ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പൊലീസ് പിടിയിലായി. പറവൂർ വടക്കേക്കര അളക്കംതുരുത്തിൽ താമസിക്കുന്ന നായരമ്പലം ചൂരക്കുഴി വീട്ടിൽ ജോസ് (36), കളമശേരി ചെങ്കള തെങ്ങുംകുഴി വീട്ടിൽ സൂര്യദേവ് (25), കളമശേരി പുന്നക്കാട്ടുമൂലയിൽ വിഷ്ണു (26) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ 14ന് രാത്രി പതിനൊന്നോടെയാണ് സംഭവം. ജോലികഴിഞ്ഞ് മുട്ടം യാർഡിന് സമീപമുള്ള വീട്ടിലേക്ക് വരികയായിരുന്ന വിഷ്ണു വീടിനുസമീപത്ത് ദുരൂഹസാഹചര്യത്തിൽ മൂന്നുപേർ നിൽക്കുന്നത് കണ്ട് ആരാണെന്ന് തിരക്കി. ഇത് ഇഷ്ടപ്പെടാതിരുന്ന സംഘം വിഷ്ണുവിനെ ആക്രമിച്ച് കുത്തിവീഴ്ത്തി. ബഹളം കേട്ട് വീട്ടുകാരെത്തിയപ്പോൾ സംഘം ബൈക്കിൽ രക്ഷപ്പെട്ടു. മറ്റൊരു കേസിൽ ഇവരുടെ കൂട്ടുപ്രതിയായ ആളെ അന്വേഷിച്ച് എത്തിയതാണ് സംഘം. സംഭവത്തിനുശേഷം ഒളിവിൽ പോയ മൂന്നുപേരെയും കുസാറ്റിന് സമീപത്തുള്ള വീട്ടിൽനിന്നാണ് പിടികൂടിയത്. പ്രതികൾ കളമശേരി, പാലാരിവട്ടം എന്നീ സ്റ്റേഷനുകളിൽ വധശ്രമം, പിടിച്ചുപറി തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, കെ.വി. ജോയി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്. ഹാരിസ്, കെ.എൻ. മനോജ്, പി.എസ്. ജീമോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.