കൊച്ചി: 2020- 21 വർഷത്തെ കാർഷിക അവാർഡ് തിളക്കത്തിൽ ജില്ല. നടൻ ജയറാം ഉൾപ്പടെയുള്ളവർക്ക് അവാ‌ർഡ് ലഭിച്ചു. മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർ, മികച്ച കൃഷി ഓഫീസർ, മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനങ്ങളും വാണിജ്യ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച ക്ലസ്റ്റർ വിഭാഗത്തിൽ അങ്കമാലി മഞ്ഞപ്ര കരിങ്കൽപുരം വെജിറ്റബിൾ ക്ലസ്റ്ററിന് മൂന്നാം സ്ഥാനവും ലഭിച്ചു. പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച സ്വകാര്യ സ്ഥാപനവിഭാഗത്തിൽ കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിന് രണ്ടാം സ്ഥാനവും മികച്ച കൃഷി അസിസ്റ്റന്റിനുള്ള അവാർഡിന് കോതമംഗലം കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് സഞ്ജു ഇ.പിക്ക് മൂന്നാം സ്ഥാനവും ലഭി​ച്ചു. നടൻ ജയറാമിന് നെല്ല്, തെങ്ങ്, ജാതി തുടങ്ങിയ കൃഷി ചെയ്യുന്നതിനും മികച്ച ഡയറി ഫാം നടത്തുന്നതിനും പ്രത്യേക ആദരവാണുള്ളത്.

 മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർക്കുള്ള സംസ്ഥാന അവാ‌ർഡ് എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ.എം. ബബിത നേടി. 2020-21 കാലത്ത് എറണാകുളം ഹോർട്ടികൾച്ചറൽ കൃഷി ഡെപ്യൂട്ടി ഡയറക്ട‌റായിരുന്നപ്പോൾ ചെയ്ത സേവനങ്ങൾക്കാണ് അവാ‌ർഡ്. ജില്ലയിൽ കൈതച്ചക്ക-വാഴപ്പഴ പ്രോസസിംഗ് യൂണിറ്റും മറ്റ് 13 പ്രോജക്ടുകളും നടപ്പിലാക്കിയിരുന്നു. ആലുവ വെങ്ങോല വൈപ്പേൽ കുടുംബാംഗമാണ്. ഭർത്താവ് കുന്നുകര എം.ഇ.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ഷാജി.

 മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന അവാർഡിന് അർഹയായ ആയവന കൃഷി ഓഫീസർ അഞ്ജു പോൾ പച്ചക്കറികൃഷി, ജൈവകൃഷി പ്രോത്സാഹനം, സി.എസ്.ആർ ഫണ്ട് പ്രവർത്തനങ്ങൾ, തരിശുഭൂമി കൃഷി, മണ്ണ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയതിനാണ് അംഗീകാരം നേടിയത്. കോലഞ്ചേരി കോട്ടാരത്തിൽ വീട്ടിൽ രഞ്ജിത് ഐസക്കിന്റെ ഭാര്യയാണ്.

 മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായ സിന്ധു പി.വി (കോതമംഗലം) കൊവിഡ് കാലത്ത് വിൽക്കാൻ പറ്റാതെ പോയ കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് പ്രത്യേക ചന്ത ആരംഭിച്ചും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജീവനി പ്രചാരണ ജാഥ, ജൈവ കൃഷി സന്ദേശ നാടകം, വിത്ത് വിതരണം, കാർഷിക മേളകൾ എന്നിവയും നടത്തി​ കർഷകർക്കൊപ്പം നി​ന്നയാളാണ്. മൂവാറ്റുപുഴ പാറത്തോട്ടത്തിൽ റിട്ട. കൃഷി ഓഫീസ‌ർ പി.എം. ജോഷിയാണ് ഭർത്താവ്.