കോതമംഗലം : ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം ഈവർഷം മേയ് 31നകം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് ആന്റണി ജോൺ എം.എൽ.എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്തി ഇക്കാര്യം അറിയിച്ചത്. മിനി ജലവൈദ്യുതി പദ്ധതിയുടെ നിലവിലെ സ്ഥിതിയും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടക്കുന്ന സിവിൽ മെക്കാനിക്കൽ പ്രവർത്തികൾ സംബന്ധിച്ചും വൈദ്യുതി ഉത്പാദനം സംബന്ധിച്ച വിഷയവും എം. എൽ.എ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പദ്ധതി വേഗത്തിൽ കമ്മീഷൻ ചെയ്യുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ 94.06 ശതമാനം പണികൾ പൂർത്തിയായിട്ടുണ്ട്. ബാക്കി ജോലികൾ പുരോഗമിക്കുകയാണ്. 24 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഈ പദ്ധതിയിൽനിന്ന് പ്രതിവർഷം 83.5 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ഇത് 231.21 കോടി രൂപയുടെ പദ്ധതിയാണ്.