കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ നാല് മേഖലകളിൽ ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ഭിന്നശേഷി ഉപകരണ നിർണയക്യാമ്പ് നടത്തി. നോർത്ത് പറവൂർ, നായരമ്പലം, പള്ളുരുത്തി, കാക്കനാട് എന്നിവിടങ്ങളിലായി നടന്ന ക്യാമ്പിൽ 1200 ഭിന്നശേഷിക്കാർ പങ്കെടുത്തു. ട്രൈസൈക്കിൾ, വീൽചെയർ, എം.ആർ. കിറ്റ്, കൃത്രിമകാലുകൾ, വാക്കിംഗ് സ്റ്റിക്ക്, ക്രച്ചസ്, ഹിയറിംഗ് എയ്ഡ് തുടങ്ങി 29 ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. 522 പേരെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്.
കേന്ദ്രസർക്കാരിന്റെ എ.ഡി.ഐ.പി പദ്ധതി പ്രകാരം ജില്ലാഭരണകൂടം, സാമൂഹ്യനീതിവകുപ്പ്, വനിതാശിശു വികസനവകുപ്പ്, വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ, കേന്ദ്രസർക്കാർ സ്ഥാപനമായ അലിംകോ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പിൽ കളക്ടർ ജാഫർമാലിക്, അസി. കളക്ടർ സച്ചിൻ യാദവ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.എ. ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു.