കൊച്ചി: മെട്രോ റെയിലിന്റെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറയിലെ തകരാർ സംബന്ധിച്ച് ഒരുവിധ ആശയക്കുഴപ്പവും വേണ്ടെന്ന് കെ.എം.ആർ.എൽ. ജനങ്ങളുടെ സംശയദൂരീകരണത്തിനായി പത്തടിപ്പാലത്തിന് സമീപമുള്ള മറ്റ് പില്ലറുകളും പരിശോധനയ്ക്ക് വിധേയമാക്കും. പത്തടിപ്പാലത്തെ ബലക്ഷയം ശ്രദ്ധയിൽ പെട്ടപ്പോൾത്തന്നെ അതീവഗൗരവത്തിലുള്ള നടപടികളാണ് കെ.എം.ആർ.എൽ കൈക്കൊണ്ടത്.
പ്രശ്നം എത്രയുംവേഗം പരിഹരിക്കാനാണ് നീക്കം. ബലപ്പെടുത്തൽ ജോലികൾ തിങ്കളാഴ്ച ആരംഭിക്കും.
കരാർ കാലാവധി കഴിഞ്ഞെങ്കിലും എൽ ആൻഡ് ടി സ്വന്തം നിലയ്ക്ക് ബലപ്പെടുത്തൽ ജോലികൾ നിർവഹിക്കും. എൽ ആൻഡ് ടി ഡിസൈനർമാരും ജിയോ ടെക്‌നിക്കൽ വിദഗ്ദ്ധരും സ്ഥലത്തുണ്ട്. ഒന്നരമാസത്തിനകം പണികൾ തീർക്കുമെന്നും മെട്രോ റെയിൽ അധികൃതർ അറിയിച്ചു.
347-ാം നമ്പർ തൂണിന്റെ മുകളിലുള്ള റെയിൽപാളത്തിന് ചെറിയ അളവ് വ്യതിയാനം കണ്ടതിനെത്തുടർന്നുള്ള പരിശോധനിലാണ് തൂണിന്റെ ബലക്ഷയം സ്ഥിരീകരിച്ചത്. ഈ തൂണിന് താഴെയുള്ള പൈലുകൾക്ക് ചുറ്റും നാല് പൈലുകൾകൂടി സ്ഥാപിച്ച് ബന്ധിപ്പിക്കാനുള്ള പണികളാണ് നടത്തുന്നത്.
തൂണിനായി ആദ്യംതാഴ്ത്തിയ പൈലുകൾ പാറയിൽ ഉറപ്പിച്ചിട്ടില്ലെന്നാണ് തകരാർ പഠിച്ച എയ്ജിസ് ഇന്ത്യ നൽകിയ റിപ്പോർട്ട്. ഇത് പില്ലറിന്റെ ബലക്ഷയത്തിന് കാരണമാകുമെന്ന് ഉറപ്പാക്കിയിട്ടുമില്ല. എങ്കിലും വീണ്ടും പൈലുകൾ താഴ്ത്തുന്നത് കൂടുതൽ ഉറപ്പിന് വേണ്ടിയാണ്.
ഗതാഗത നിയന്ത്രണം
മെട്രോയുടെ പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നുമുതൽ പില്ലർ നമ്പർ 346 മുതൽ 350 വരെയുള്ള ഭാഗത്തെ റോഡിൽ ഇരുദിശയിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.