കൊച്ചി: ഉച്ചയ്ക്ക് രണ്ടരവരെ ശാന്തമായിരുന്ന കളമശേരിയിലെ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റിക്കായുള്ള നിർമ്മാണസ്ഥലം പൊടുന്നനെയാണ് ദുരന്തമുഖമായത്. പിന്നീടവിടെ കണ്ട കാഴ്ചകളെല്ലാം ഹൃദയഭേദകമായിരുന്നു. ഒപ്പംനിന്ന് പണിയെടുത്തവരുടെ ചേതനയറ്റ ശരീരങ്ങൾ പുറത്തേക്ക് എടുത്തപ്പോഴെല്ലാം സഹതൊഴിലാളികൾ ചങ്കുപൊട്ടി നിലവിളിച്ചു. സഹോദരനെ നഷ്ടപ്പെട്ട ഒലി അലി മണ്ഡലിന്റെയും ബന്ധു ജലാലുദ്ദീൻ മണ്ഡലിന്റെയും നിലവിളി കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചു.
പശ്ചിമബംഗാളിലെ പർഗാന അശോക് നഗറിൽ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ പണിക്കെത്തിയവരിലേറെയും. 25തൊഴിലാളികളാണ് ഇന്നലെ ജോലിക്കെത്തിയത്. ഉച്ചഭക്ഷണത്തിനുശേഷം ജോലിതുടരവേ ടിപ്പർലോറി കുഴിയെടുത്ത സ്ഥലത്തിന് സമീപത്തുകൂടെ കടന്നുപോയതിനു പിന്നാലെയാണ് 18 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞത്. ജെ.സി.ബിയിൽ തൂങ്ങിപ്പിടിച്ച് കയറിയാണ് രണ്ടുപേർ രക്ഷപെട്ടത്. മറ്റുള്ളവർ നിമിഷാർദ്ധംകൊണ്ട് മണ്ണിനടിയിലായി.
സ്ഥലത്തുണ്ടായിരുന്ന ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നാലെ ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റുകളും സിവിൽ ഡിഫൻസും ദുരന്തനിവാരണസേനയും രംഗത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു.
കരുതലോടെ രക്ഷാപ്രവർത്തനം
ഇളക്കമുള്ള മണ്ണായതിനാൽ വളരെ കരുതലോടെയായിരുന്നു രക്ഷാപ്രവർത്തനം. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഓരോചുവടും കരുതലോടെയാണ് നീങ്ങിയത്. പത്തിൽതാഴെ പേർ മാത്രമാണ് മണ്ണുനീക്കി ആളുകളെ പുറത്തെടുക്കാനിറങ്ങിയത്. ബാക്കിയുള്ളവർ ജെ.സി.ബിക്ക് ഇരുവശവുമായി നിലയുറപ്പിച്ചു. ജനങ്ങളെ പ്രധാന ഗേറ്റിനകത്തേക്ക് പ്രവേശിപ്പിച്ചുമില്ല. കുഴിയുടെ വശങ്ങളിൽ സിവിൽ ഡിഫൻസ് വടവുമായി നിലയുറപ്പിച്ചിരുന്നു.
ഏഴാമതൊരാൾ കൂടി മണ്ണിനടിയിൽ ഉണ്ടെന്ന് തൊഴിലാളികൾ പറഞ്ഞതിന് പിന്നാലെ മൂന്ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന ആരംഭിച്ചു. വിവരം തെറ്റാണെന്ന് വ്യക്തമായതോടെ വൈകിട്ട് 6.50ഓടെ രക്ഷാപ്രവർതത്തനം നിർത്തി. ആരെങ്കിലും മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.
ജില്ലാ കളക്ടർ ജാഫർമാലിക് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിമടങ്ങി. എ.ഡി.എം എസ്. ഷാജഹാൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വൃന്ദാദേവി, കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ്, തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസർ സാദിക്ക്, ജില്ലാ പൊലീസ് മേധാവി സി.എച്ച്. നാഗരാജു, എ.സി.പി വി.യു. കുര്യാക്കോസ്, തൃക്കാക്കര എ.സി ബേബി, റീജിയണൽ ഫയർ ഓഫീസർ രാജേഷ്, ജില്ലാ ഫയർ ഓഫീസർ ജോജി, ലേബർ ഓഫീസർ വി.കെ. നവാസ് എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, ഏലൂർ, തൃക്കാക്കര, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു.