ആലുവ: ഭൂഗർഭ പൈപ്പിടൽ പൂർത്തിയായി മൂന്നാഴ്ച്ചയായിട്ടും റോഡ് ടാറിംഗ് നടത്താത്ത പി.ഡബ്ളിയു.ഡിക്കെതിരെ പ്രതിഷേധം ശക്തം. പമ്പ് കവല മുതൽ ബാങ്ക് കവല വരെയാണ് കാലപ്പഴക്കം ചെന്ന ഭൂഗർഭ പൈപ്പുകൾ വാട്ടർ അതോറിട്ടി മാറ്റി സ്ഥാപിച്ചത്. ഫെബ്രുവരി 26ന് നിർമ്മാണം പൂർത്തിയായതായി സൂചിപ്പിച്ച് വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനീയർ പി.ഡബ്ളിയു.ഡി അസിസ്റ്റന്റ് എൻജിനീയറെ രേഖാമൂലം അറിയിച്ചിട്ടും ഇതുവരെ ടാറിംഗിന് നടപടിയാരംഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
ഇരുവകുപ്പുകളുടെയും സംയുക്തപരിശോധന വേണമെന്ന് പി.ഡബ്ളിയു.ഡി ആദ്യം ആവശ്യപ്പെട്ടെങ്കിലും അതും നടന്നിട്ടില്ല. വാട്ടർ അതോറിട്ടിയുടെ വർഷങ്ങൾ നീണ്ടപദ്ധതിയാണ് അഞ്ച് മാസം മുമ്പാരംഭിച്ചത്. പമ്പ് കവല മുതൽ പാലസ് വരെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുമ്പോൾ റോഡ് ടാറിംഗിന് 1.17 കോടി രൂപ വാട്ടർ അതോറിട്ടി പി.ഡബ്ളിയു.ഡിക്ക് അടച്ചിരുന്നു. പാലസ് മുതൽ ബാങ്ക് കവല വരെ ടാറിംഗിന് 1.08 കോടി രൂപ വാട്ടർ അതോറിട്ടി ഇതുവരെ അടച്ചിട്ടില്ല. ഗവൺമെന്റിൽ നിന്ന് ഉടൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥരിൽ നിന്നും വാക്കാൽ അനുമതി വാങ്ങിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
എന്നാൽ ഇതുവരെ പി.ഡബ്ളിയു.ഡിക്ക് പണം ലഭിച്ചിട്ടില്ല. ടാറിംഗ് വൈകുന്നതിന് ഇതാണ് യഥാർത്ഥ കാരണമെന്നാണ് സൂചന. മുനിസിപ്പൽ റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന് നഗരസഭക്ക് അടക്കേണ്ട 50 ലക്ഷം രൂപയും വാട്ടർ അതോറിട്ടി അടച്ചിട്ടില്ല. എന്നിട്ടും നസ്രത്ത് റോഡിൽ പൈപ്പിടാൻ നഗരസഭ അനുമതി നൽകി. കുന്നുംപുറം, സിവിൽ സ്റ്റേഷൻ, മോണസ്ട്രി ലെയിൻ എന്നിവിടങ്ങളിൽ പൈപ്പിടുന്നത് ഇപ്പോഴും മുടങ്ങിയിരിക്കുകയാണ്. പാലസ് റോഡിൽ പൊടിമയമാണ്.