കുറുപ്പംപടി: പെരുമ്പാവൂർ നഗരസഭയുടെ 2022 - 23 സാമ്പത്തികവർഷത്തെ 54.63 കോടി രൂപയുടെ വരവും 54.04കോടി രൂപയുടെ ചെലവുമുള്ള ബഡ്ജറ്റ് ഡെപ്യൂട്ടി ചെയർപേഴ്സൺ ഷീബ ബേബി അവതരിപ്പിച്ചു. നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ അദ്ധ്യക്ഷനായി.
സുസ്ഥിരവികസനം ലക്ഷ്യമാക്കി കൃഷി അനുബന്ധ മേഖലകൾ, മൃഗസംരക്ഷണം, ക്ഷീരവികസനം പ്രാദേശിക സാമ്പത്തികവികസനം, ദാരിദ്ര്യ ലഘൂകരണം, ശിശുക്ഷേമം, വയോജനക്ഷേമം, വനിതാക്ഷേമം, വിദ്യാഭ്യാസം, കല, സംസ്കാരം, നഗരാസൂത്രണം, കുടിവെള്ളവിതരണം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, ജൈവവൈവിദ്ധ്യം, പ്രകൃതിസംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകൾ മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആരോഗ്യമുള്ള സമൂഹം ലക്ഷ്യംവച്ച് പെരുമ്പാവൂർ ഹെൽത്ത് കെയർ സിറ്റി പ്രോഗ്രാമിന് പത്ത് ലക്ഷം രൂപ, 20 കോടി രൂപ മുതൽമുടക്കി മുനിസിപ്പൽ ഓഫീസ് പുതിയ കെട്ടിടം, മൾട്ടിപർപ്പസ് ഷോപ്പിംഗ് കോംപ്ലക്സ്, ശുദ്ധജല വിതരണത്തിന്റെ ഭാഗമായി ജലജീവൻ മിഷൻ പദ്ധതിയുടെ കീഴിൽ വാട്ടർ കണക്ഷൻ, നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിൽ എ.ടി.എം വാട്ടർ കിയോസ്ക്, കാവിൽ ചിറയിലുള്ള സ്ഥലത്ത് നീന്തൽക്കുളവും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താൻ 20 ലക്ഷം, നഗരശുചീകരണ പ്രവർത്തനങ്ങൾക്ക് 27 ലക്ഷം രൂപ, താലൂക്ക് ആശുപത്രി നിർമ്മാണത്തിന് സ്റ്റേറ്റ് ബഡ്ജറ്റിൽ 35 കോടി രൂപ, ഡയാലിസിസ് സെന്റർ സ്ഥാപിക്കുന്നതിന് എൻ.എച്ച്.എം ഫണ്ടിൽ നിന്ന് 1.44 കോടി രൂപ, ബോയ്സ് സ്കൂൾ കെട്ടിടനിർമ്മാണത്തിന് 1.38 കോടി രൂപ, സ്കൂളുകൾ നവീകരണത്തിനായി 40 ലക്ഷം രൂപ, മുനിസിപ്പൽ ലൈബ്രറി കുട്ടികളുടെ വിഭാഗം നവീകരിക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾക്കും 5 ലക്ഷം രൂപ, പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പാക്കുന്നതിന് 50 ലക്ഷം രൂപ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.