കൊച്ചി: അമ്പലമുകളിലെ ബി.പി.സി.എൽ മോട്ടോർ സ്‌പിരിറ്റ് ബ്ളോക്ക് പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുത്തത് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വിരുദ്ധമായാണെന്ന് ആരോപിച്ച് പുത്തൻകുരിശ് വരിക്കോലി സ്വദേശിയായ സി.എം. ജോർജ്ജ് ഉൾപ്പെടെ 49 പേർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പദ്ധതിക്ക് ഭൂമി വിട്ടു നൽകിയവരുടെ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരിഗണിക്കുന്നത്. പുത്തൻകുരിശ്, തിരുവാണിയൂർ വില്ലേജുകളിലായി 20.5273 ഹെക്ടർ സ്ഥലം 2019 ലാണ് ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കാൻ കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം 2015 ൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനൊരു വർഷം മുമ്പ് ഭൂമി ഏറ്റെടുക്കാനുള്ള പുതിയ നിയമം വന്നെങ്കിലും ചട്ടങ്ങൾ രൂപപ്പെടുത്തിയിരുന്നില്ല. പിന്നീട് 2015 ഡിസംബർ 18 നാണ് ചട്ടം രൂപീകരിച്ചത്. ഇതിനിടെ പഴയ നിയമപ്രകാരം ഭൂമി വിലപേശി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി. പുതിയ നിയമത്തിന്റെ ചട്ടം രൂപീകരിച്ചശേഷം അതനുസരിച്ചു നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ വാഗ്‌ദാനം നൽകിയിരുന്നെങ്കിലും ഇതു പാലിച്ചില്ലെന്ന് ഹർജിക്കാർ ആരോപിക്കുന്നു. അതിനാൽ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവും ഭൂമി ഏറ്റെടുത്തുകൊണ്ടു രജിസ്റ്റർ ചെയ്ത ആധാരങ്ങളും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.