rera

കൊച്ചി: കേരളാ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി (റെറ) ഉദ്യോഗസ്ഥരും ജീവനക്കാരും കച്ചമുറുക്കിയപ്പോൾ രണ്ട് വർഷത്തിനിടെ പിഴയായി ഖജനാവിലെത്തിയത് ഒരു കോടി രൂപ!

പ്രതിദിനം 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയും കെട്ടിടത്തിന്റെ അഞ്ച് ശതനമാനവും അതിലധികവുമാണ് പിഴ ചുമത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ നടപടി ശക്തമാക്കും.

റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്ഥലം, ഫ്ലാറ്റ്, കെട്ടിടം എന്നിവയുടെ വില്പനയുമായി ബന്ധപ്പെട്ട പരാതികളിലാണ് റെറ ഇടപെട്ടത്. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഇതുവരെ 1147 പരാതികൾ ലഭിച്ചു. 651 എണ്ണം തീ‌ർപ്പാക്കി. ശേഷിക്കുന്നവയിൽ ഹിയറിംഗ് തുടരുകയാണ്. വിശദവിവരങ്ങൾ വെബ് സൈറ്രിൽ പ്രസിദ്ധീകരിക്കാത്ത 26 സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പത്തെണ്ണം എറണാകുളത്താണ്. പ്ലോട്ടുകൾ തിരിച്ചുള്ള സ്ഥലഇടപാടുകളും റെറയിൽ രജിസ്റ്റ‌ർ ചെയ്യണം.
കൊവിഡ് വ്യാപനത്തിന് ശേഷം മേഖല തളർച്ചയിലായിരുന്നു.

 റിയൽ ഉണർവ്

കൊവിഡ് വ്യാപനത്തിന് ശേഷം റിയൽ എസ്റ്രേറ്റ് മേഖലയിൽ ഉണർവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 7 കമ്പനികൾ വിവിധ പദ്ധതികൾ പുതുതായി രജിസ്റ്റർ ചെയ്തു.

യുവാക്കൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളാണ് പുതുതായി എത്തിയത്.

 724 പദ്ധതികളും 232 ഏജന്റുമാരാണ് റെറയിലെ ആകെ രജിസ്ട്രേഷൻ. ഇതിൽ 127 എണ്ണം പൂർത്തിയായി.

 എറണാകുളം ജില്ലയിൽ ഇതുവരെ 233 പദ്ധതികളാണ് രജിസ്റ്റർ ചെയ്തു. 50ലധികം പൂർത്തിയായി.


 റെറ

റിയൽ എസ്റ്റേറ്റ് പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും നിയന്ത്രണത്തിൽ കൊണ്ടുവന്ന് ഇടപാടുകൾ സുതാര്യമാക്കുകയും ലക്ഷ്യമിട്ട് 2017ലാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി നിലവിൽ വന്നത്. നിലവിൽ നി‌ർമ്മാണത്തിലുള്ളതും ഉടമസ്ഥാവകാശ സ‌ർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ പദ്ധതികളും വരാൻ പോകുന്ന പദ്ധതികളും റെറയിൽ രജിസ്റ്റ‌‌‌ർ ചെയ്യണം. ബാങ്കുകളുടെ വായ്പ ലഭിക്കാനും റെറയുടെ അംഗീകാരം വേണം. റെറുടെ അംഗീകാരമില്ലാത്ത ഫ്ലാറ്റുകളും മറ്റും വില്പന ചെയ്യാൻ പാടില്ല. ചെലവിന്റെ 10ശതമാനം വരെ പിഴയീടാക്കാനാകും.

റെറ ശക്തമായി പ്രവൃത്തിക്കുന്നതിനാൽ തട്ടിപ്പുകൾ നല്ലരീതിയിൽ കുറഞ്ഞിട്ടുണ്ട്. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം ചേ‌ർന്ന് നപടികൾ ഊ‌ർജിതപ്പെടുത്തിവരികയാണ്.

പി.എച്ച്. കുര്യൻ

ചെയർമാൻ

റെറ