tanker

കൊച്ചി: ജി.എസ്.ടി വിഹിതം ലോറി ഉടമകളിൽ നിന്ന് ഈടാക്കാനുള്ള എണ്ണക്കമ്പനികളുടെയും നികുതി വകുപ്പിന്റെയും നീക്കത്തിൽ പ്രതിഷേധിച്ച് ഇന്നുമുതൽ ഇന്ധന ടാങ്ക‌റുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ത്യൻ ഓയിൽ ഒഴികെയുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ ഇന്ധന വിതരണം തടസപ്പെടും. സംസ്ഥാനത്തെ പകുതിയിലേറെ പമ്പുകളെ ബാധിക്കും. 60ശതമാനം ഇന്ധനം വിതരണം ചെയ്യുന്നത് ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികളാണ്. സമരമുണ്ടായാൽ രണ്ട് ദിവസത്തിനുള്ളിൽ ഇന്ധനക്ഷാമം അനുഭവപ്പെട്ടു തുടങ്ങും.

2015-17 കാലത്തെ 18 ശതമാനം ജി.എസ്.ടിയിൽ 13 ശതമാനവും ടാങ്ക‌ർ ലോറി ഉടമകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നതിനെതിരെയാണ് സമരം. 2016ൽ ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് 11 ദിവസം നീണ്ട സമരത്തിൽ കടുത്ത ഇന്ധനക്ഷാമം നേരിട്ടിരുന്നു.

പണമടച്ച് ഐ.ഒ.സി

ഇന്ത്യൻ ഓയിൽ കോർപറേഷനുമായി കരാറി​ലുള്ള 450 ലോറികളുടെ ലോഡിന് 18 ശതമാനം ജി.എസ്.ടി കമ്പനി തന്നെ അടച്ചു. ഓരോ ലോഡിനും കൺസൈൻമെന്റ് നോട്ട് നൽകി ലോറികളെ നികുതിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതേ നിലപാട് മറ്റ് രണ്ട് കമ്പനികളും പിന്തുടരണമെന്ന് സമരസമിതി കൺവീനർ എ.എം.ഡേവിഡ് ആവശ്യപ്പെട്ടു.

 ആകെ പമ്പുകൾ

ഐ.ഒ.സി - 650

ബി.പി.സി.എൽ - 350

എച്ച്.പി.സി.എൽ - 350

 650 ലോറികൾ സമരത്തിന്

കേരളത്തിൽ 1100 ടാങ്കർ ലോറികളുണ്ട്. ഇതിൽ ഭാരത്, ഹിന്ദുസ്ഥാൻ കമ്പനികളുടെ ഇന്ധന വിതരണം നിർവഹിക്കുന്ന 650 ടാങ്കറുകളാണ് പണിമുടക്കുക.

''നിയമപ്രശ്നമാണ്. എണ്ണക്കമ്പനികൾ ഇടപെട്ട് സമരം ഉടൻ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ''

ആർ.ശബരിനാഥ്,

ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ്

''എണ്ണക്കമ്പനികളുമായി ച‌ർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരത്തിന് തയ്യാറായില്ല. ''

എ.എം. ഡേവിഡ്, കൺവീനർ

പെട്രോളിയം പ്രൊഡക്ട്സ് ട്രാസ്പോ‌ർട്ടേഴ്സ് വെൽഫെയർ അസോ.