പറവൂർ: എം.എൽ.എയുടെ ആസ്തിവികസന സ്കീമിൽ പറവൂർ നിയോജക മണ്ഡലത്തിലെ നാല് പ്രധാന പദ്ധതികൾക്ക് 82 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ദേശീയപാത - ഒ.എൽ.എച്ച് കോളനി റോഡ് ടാറിംഗ് നടത്തി നവീകരിക്കുന്നതിനായി 21 ലക്ഷം, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പുനർജനി റോഡ് ടൈൽസ് വിരിച്ച് നവീകരിക്കുന്നതിനായി 24.50 ലക്ഷം, കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കറുപ്പത്ത് റോഡ് ടൈൽസ് വിരിച്ച് നവീകരിക്കുന്നതിനായി 26 ലക്ഷം, പറവൂർ നഗരസഭയിലെ എട്ടാം വാർഡിൽ കണ്ണൻകുളങ്ങര -കാളത്തോട് - കാരക്കാട്ട് സ്ട്രീറ്റ് - കണ്ണൻകുളങ്ങര പാലസ് റോഡ് ടാറിംഗ് നടത്തി നവീകരിക്കുന്നതിനായി 10.50 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. എത്രയും വേഗം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.