പറവൂർ: ജില്ലയിലെ മികച്ച വിദ്യാർത്ഥി കർഷകനായി കരിമ്പാടം ഡി.ഡി.സഭ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആരോമലിനെ തിരഞ്ഞെടുത്തു. കരിമ്പാടം വലിയപറമ്പിൽ വിനോദിന്റെയും വിനീതയുടെയും മകനാണ്. വീട്ടുവളപ്പിലും മട്ടുപ്പാവിലുമാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. തക്കാളി, മുളക്, വെണ്ട, വഴുതന, കോവൽ, പീച്ചിൽ പടവലം, ചുരയ്ക്ക, ചോളം എന്നിവയെല്ലാമുണ്ട് ആരോമലിന്റെ തോട്ടത്തിൽ. കാരറ്റ്, കാബേജ്, കോളിഫ്ലവർ എന്നിവ സീസണിൽ കൃഷി ചെയ്തിരുന്നു. പാളയിൽ ഗ്രോബാഗ് നിർമ്മിച്ചും കൃഷി ചെയ്തിട്ടുണ്ട്. കുട്ടിക്കാലം മുതൽ കൃഷിയിൽ തത്പരനാണ്. ആരോമലിന് കൃഷിയിൽ സഹായിക്കുന്നത് മുത്തച്ഛനാണ്. ആട്, പശു എന്നിവയെയും വീട്ടിൽ വളർത്തുന്നുണ്ട്.