കൊച്ചി: ജില്ലാ കളക്ടറുടെ സന്ദർശനം അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ അന്യസംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്ക് കൗതുകം പകർന്നു.
അന്യസംസ്ഥാന വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന റോഷ്നി പദ്ധതിയുടെ ഭാഗമായാണ് കളക്ടർ ജാഫർ മാലിക് സ്കൂളിൽ എത്തിയത്. പദ്ധതിയിലെ പുതിയ ബോധനരീതിയായ കോഡ് സ്വിച്ചിംഗ് ക്ലാസുകളുടെ ബോധനരീതിയും വിലയിരുത്തിയ കളക്ടർ കുട്ടികളുമായി ഏറനേരം സൗഹൃദസംഭാഷണവും നടത്തിയാണ് മടങ്ങിയത്. രാജസ്ഥാനി വിദ്യാർത്ഥികൾ മലയാളത്തിൽ ആലപിച്ച പ്രാർത്ഥന ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിദ്യാർത്ഥികൾ നിർമ്മിച്ച കരകൗശലവസ്തുക്കൾ കളക്ടർക്ക് ഉപഹാരമായി സമർപ്പിച്ചു. ബി.പി.സി.എൽ പബ്ലിക് റിലേഷൻസ് ഓഫീസർ എലിസബത്ത് ഡേവിഡ്, റോഷ്നി ജനറൽ കോ-ഓർഡിനേറ്റർ സി.കെ. പ്രകാശ്, അക്കാഡമിക് കോ-ഓർഡിനേറ്റർ ജയശ്രി, ശ്രീനാരായണ ധർമ്മസമാജം സെക്രട്ടറി ചന്ദ്രബാബു, പ്രഥാന അദ്ധ്യാപിക ജെ.ബിന്ദു, പി.ടി.എ പ്രസിഡന്റ് അഡ്വ. ഗിരീഷ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.